കൊളച്ചേരിയില്‍ കൈവരിയില്ലാത്ത പാലത്തില്‍ നിന്ന് കനാലിലേക്ക് വീണ് മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം ; കേസ് ക്രൈംബ്രാഞ്ച് പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

dszg

 മയ്യില്‍: മയ്യില്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊളച്ചേരി പള്ളിപ്പറമ്പ്മുക്ക് കരിയില്‍ കനാലിന് കുറുകെയുള്ള കൈവരിയില്ലാത്ത പാലത്തില്‍ നിന്ന് സ്‌കൂട്ടര്‍ ഓടിച്ചയാള്‍ കനാലില്‍ വീണ് മരിക്കാനിടയായ സംഭവത്തില്‍ ഭാര്യയ്ക്കും കുടുംബത്തിനും സര്‍ക്കാര്‍ ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

2022 മാര്‍ച്ച് 8 ന് നടന്ന അപകടത്തില്‍ മരിച്ച കണ്ണൂര്‍ കൊളച്ചേരി പെരുമാച്ചേരി സ്വദേശി ഭാസ്‌കരന്റെ ഭാര്യ കെ.കെ. ഷൈലജക്കും കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാനാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ  കെ. ബൈജൂനാഥ് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്.  നാലുമാസത്തിനകം നടപടി സ്വീകരിച്ച് ചീഫ് സെക്രട്ടറി കമ്മീഷനില്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

24 കോടി മുടക്കി കണ്ണൂര്‍ പൊതുമരാമത്ത് ദേശീയ പാതാ വിഭാഗം നവീകരിച്ച ചിറക്കുനി - ആണ്ടല്ലൂര്‍ - പിറവം  ചെക്കിക്കുളം - പറശ്ശിനികടവ് റോഡിലുള്ള പള്ളിപ്പുറം ചെറിയ കനാലിന് കുറുകെയുള്ള പാലത്തിന് കൈവരി നിര്‍മ്മിക്കാത്ത പൊതുമരാമത്ത്, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ബന്ധപ്പെട്ട ചീഫ് എഞ്ചിനീയര്‍മാര്‍ അന്വേഷണം നടത്തി വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 

സ്വീകരിച്ച നടപടികള്‍ 4 മാസത്തിനകം ചീഫ് എഞ്ചിനീയര്‍മാര്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം.കൈവരിയില്ലാത്ത പാലത്തില്‍ നിന്നും കനാലിലേക്ക് വീണ് മരണം സംഭവിച്ചിട്ടും സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാളുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് എഴുതിയ മയ്യില്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊതുമരാമത്ത്, ഇറിഗേഷന്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി മയ്യില്‍ സ്റ്റേഷനിലുള്ള 201/22 നമ്പര്‍ ക്രൈം കേസ് ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.കാവുംചാലില്‍ കട നടത്തിയിരുന്നയാളാണ് മരിച്ച ഭാസ്‌കരന്‍. ഭാര്യ ഷൈലജ തൊഴിലുറപ്പ് ജോലിക്ക് പോകാറുണ്ട്.


കമ്മീഷന്‍ പൊതുമരാമത്ത്, ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ നേരില്‍ കേള്‍ക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. പാലത്തിന് കൈവരി നിര്‍മ്മിക്കാത്തതില്‍ പൊതുമരാമത്ത്, ഇറിഗേഷന്‍ വകുപ്പുകള്‍ പരസ്പരം പഴിചാരി. പാലത്തിന് കൈവരി ഉണ്ടായിരുന്നെങ്കില്‍ ദാരുണ സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി.  തുടര്‍ന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം കേസ് നേരിട്ട് അന്വേഷിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഭാഗത്ത് ഗുരുതര പിഴവുകള്‍ സംഭവിച്ചതായി കമ്മീഷന്‍ കണ്ടെത്തി. ഭാസ്‌കരന്റെ ഭാര്യ കെ.കെ. ഷൈലജ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Tags