മാധ്യമ സ്വാതന്ത്ര്യം സംരക്ഷിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി ജനാധിപത്യ അവകാശ പോരാട്ടങ്ങൾക്ക് കരുത്തുപകരും : കെ.വി ജേഷ്
കണ്ണൂർ: മാധ്യമ സ്വാതന്ത്ര്യം സംരക്ഷിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി ജനാധിപത്യ അവകാശ പോരാട്ടങ്ങൾ കൂടുതൽ കരുത്തുപകരുമെന്ന് പത്രപ്രവർത്തക യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വിജേഷ് കണ്ണൂരിൽ പ്രതികരിച്ചു.ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാരത്തിനുമുള്ള മാധ്യമങ്ങളുടെ അവകാശം നിയന്ത്രിക്കാൻ കഴിയില്ലെന്ന ഹൈക്കോടതി വിധി ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്ന കാര്യത്തിൽ സംശയമില്ല.
മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്നും ഹൈക്കോടതിയുടെ അഞ്ചംഗ ബഞ്ച് പറഞ്ഞിട്ടുണ്ട്. വാർത്തകളിൽ അപമാനകരമായ കണ്ടൻ്റുകൾ ഉണ്ടെങ്കിൽ അതിന് നിയമപരമായ സാധ്യതകൾ തേടുകയാണ് വേണ്ടത്. ആവിഷ്കാര സ്വാതന്ത്യത്തിന്‍റെ പേരിൽ വ്യക്തി സ്വാതന്ത്യം ഹനിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് മാധ്യമങ്ങളുടെയും ബാധ്യതയാണ്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ മാധ്യമങ്ങൾ വിധി കൽപിക്കരുതെന്ന നിർദേശവും ഈ വിധിയിലുണ്ട്.വസ്തുതകൾ മാത്രം റിപ്പോർട്ട് ചെയ്യണമെന്ന നിർദേശം അംഗീകരിക്കുന്നതോടൊപ്പം മാധ്യമ സ്വാതന്ത്യം ആവർത്തിച്ചുറപ്പിച്ച ഹൈക്കോടതി ഉത്തരവ് മാധ്യമ മേഖലക്ക് ഉണർവ് പകരുന്നതാണ്.
മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമ പ്രവർത്തനത്തിന് മൊത്തത്തിലും കൂച്ചു വിലങ്ങിടാനും നിയന്ത്രിക്കാനുമുള്ള ശ്രമങ്ങൾ എല്ലാ ഭാഗത്ത് നിന്നും വ്യാപകമായിക്കൊണ്ടിരിക്കുമ്പോൾ മാധ്യമരംഗം ഏറെ പ്രതീക്ഷയോടെയും ആശ്വാസത്തോടെയും നോക്കി കാണുന്ന ഏറെ സുപ്രധാനമായ ഒരു കോടതി ഉത്തരവാണിത്. ജനാധിപത്യത്തിൻ്റെ നാലാം തൂണായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ പ്രസക്തിയാണ് ഹൈകോടതി വിധിയിലൂടെ വിളംബരം ചെയ്യുന്നത്. പാർശ്വവൽകരിക്കപ്പെടുന്നവരുടെയും അനീതിക്കിരയാകുന്നവരുടെ ശബ്ദമായി മാധ്യമങ്ങൾ മാറുമ്പോൾ സാമുഹ്യ നീതിയെന്ന ആശയത്തിന് കൂടുതൽ കരുത്തുപകരും. എന്നാൽ വാർത്തകൾ കൈകാര്യം ചെയ്യുമ്പോൾ കാണിക്കേണ്ട അവധാനതയും ജാഗ്രതയും ഈ വിധിയിലൂടെ അടിവര യുന്നുണ്ട്. മാധ്യമ വേട്ടയ്ക്ക് ഇരകളാക്കാതെ ഓരോ പൗരൻ്റെയും വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്രവും പരിഗണിച്ചു കൊണ്ടു വേണം വാർത്തകൾ നൽകേണ്ടത്.