ഹാപ്പിനസ് ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ; ഓൺലൈൻ ഡലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

google news
happiness press

തളിപ്പറമ്പ്: ഹാപ്പിനസ് ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജനുവരി 21 മുതൽ 23 വരെ തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ഡലിഗേറ്റ് രജിസ്ട്രേഷൻ ജനുവരി 11ന് രാവിലെ 11 മണി മുതൽ ആരംഭിച്ചു. ജിഎസ്‌ടി ഉൾപ്പെടെ പൊതുവിഭാഗത്തിന് 354 രൂപയും വിദ്യാർത്ഥികൾക്ക് 177 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

iffk.in എന്ന വെബ്സൈറ്റിൽ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. ഓഫ് ലൈൻ രജിസ്ട്രേഷനായി മേളയുടെ മുഖ്യവേദിയായ തളിപ്പറമ്പ് ക്ളാസിക് തിയേറ്ററിനു മുന്നിലെ സംഘാടക സമിതി ഓഫീസിൽ  ബന്ധപ്പെടാം. തളിപ്പറമ്പിലെ ക്ലാസിക്, ക്രൗൺ, ആലിങ്കിൽ പാരഡൈസ് എന്നീ മൂന്നു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായി 35 സിനിമകൾ പ്രദർശിപ്പിക്കും.

തിരുവനന്തപുരത്ത് നടന്ന 28 ാമത് ഐ.എഫ്.എഫ്.കെയിൽ പ്രേക്ഷകപ്രീതി നേടിയ ഗുഡ്‌ബൈ ജൂലിയ, എൻ‌ഡ്ലെസ് ബോർഡേഴ്‌സ്, സൺഡേ, ദ ഓൾഡ് ഓക്ക്, ഫാളൻ ലീവ്സ്, ടെറസ്റ്റിയൽ വേഴ്‌സസ്, മി ക്യാപ്റ്റൻ, ഖേർവാൾ, ഓൾ സയലൻസ്, ഹെസിറ്റേഷൻ വുണ്ട്, ദ പ്രോമിസ്‌ഡ് ലാൻ്റ്, പ്രിസൺ ഇൻ ദ ആൻഡസ്, തടവ്, ആപ്പിൾച്ചെടികൾ, നീലമുടി, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്, ഷെഹരസാദെ, ദായം, വലാസൈ പറവകൾ തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.

മേളയോടനുബന്ധിച്ച് ഓപ്പൺ ഫോറം, എക്‌സിബിഷൻ, ടൂർ ഇൻ ടാക്കീസ് പര്യടനം. കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും. നവതിയുടെ നിറവിലെത്തെിയ എം.ടി വാസുദേവൻ നായരുടെയും മധുവിൻ്റെയും ചലച്ചിത്രജീവിതത്തിലെ അനർഘനിമിഷങ്ങൾ ഒപ്പിയെടുത്ത 'എം.ടി, മധു@90' എന്ന ഫോട്ടോ പ്രദർശനം 21ന് രാവിലെ മുതൽ തളിപ്പറമ്പ ടൌൺ സ്‌ക്വയറിൽ ആരംഭിക്കും. തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ എം വി ഗോവിന്ദൻ എം എൽ എ, സംഘാടക സമിതി ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ , കൺവീനർ ഷെറിഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.