ഹാപ്പിനസ് ചലച്ചിത്രമേള ; സൗഹൃദവും ചര്‍ച്ചയും പൂത്തുലഞ്ഞു, മേളയെ ഉത്സവമാക്കി യുവത

google news
happ

തളിപ്പറമ്പ : യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ചങ്ങാത്തങ്ങളും സിനിമ ചര്‍ച്ചകളും പൂക്കുന്ന ഇടമായി ഹാപ്പിനസ് ചലച്ചിത്രമേള. മേളയുടെ രണ്ടാം ദിനം പങ്കാളിത്തം കൊണ്ട് സമ്പന്നമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവതി യുവാക്കള്‍ കൂട്ടമായെത്തിയാണ് മേളയെ ഉത്സവ ലഹരിയിലാക്കിയത്.

ufygij

തിങ്കളാഴ്ച രാവിലെ മുതല്‍ തീയേറ്ററുകളിലേക്ക്് യൂത്തിന്റെ ഒഴുക്കായിരുന്നു. ഞായറാഴ്ച മുതലുള്ളവരും പുതുതായി എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. പ്രദര്‍ശനം തുങ്ങിയതോടെ തിയേറ്ററുകള്‍ നിറഞ്ഞു. ചിത്രം കണ്ട് പുറത്തിറങ്ങുമ്പോള്‍ തന്നെ തിരക്കിട്ട സിനിമ ചര്‍ച്ചകള്‍. അതിനിടെ ചിലയിടത്ത് ആട്ടവും പാട്ടുമായുള്ള ഒത്തുകൂടല്‍. ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ചതില്‍ മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനാലാണ് മേളയില്‍ എത്തിയതെന്ന്് വിദ്യാര്‍ഥികള്‍ പറയുന്നു.

എല്ലാം മികച്ചതായതിനാല്‍ ഏത് കാണുമെന്ന് പലപ്പോഴും സംശയിച്ചതായി സര്‍സയ്യിദ് കോളേജ് രണ്ടാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ഥി ടി ആയുഷ് പറഞ്ഞു. വരും തലമുറയുടെ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കാനും സര്‍ഗാത്മകത വളര്‍ത്തിയെടുക്കാനും മേള സഹായിക്കുമെന്ന്് ജേര്‍ണലിസം വിദ്യാര്‍ഥി അനഘ ശേഖരന്‍ പ്രതികരിച്ചു.

പ്രായഭേദമന്യേയാണ് ഇവിടേക്ക്് സിനിമ പ്രേമികളെത്തുന്നത്. പരമാവധി സിനിമകള്‍ കാണാനുള്ള ഓട്ടത്തിലാണ് മിക്കവരും. എല്ലാ ദിവസവും സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമൊരുക്കിയത്്് ഗുണകരമായി. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറിലൊരുക്കിയ ഓപ്പണ്‍ തീയറ്ററിലും വൈകുന്നേരങ്ങളില്‍ പ്രദര്‍ശനം നടത്തുന്നുണ്ട്. 'സമാന്തര സിനിമയുടെ പ്രദര്‍ശന വിപണന സാധ്യത' എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറവും പങ്കാളിത്തം കൊണ്ടും ചൂടേറിയ ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി.

lhuig

ജീവിതം പോരാട്ടമാക്കിയ 'ഒ ബേബി'

വലിയൊരു തോട്ടവും അവിടെയൊരു മുതലാളിയും, അയാള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരുകൂട്ടം തൊഴിലാളികള്‍. ഈ തോട്ടത്തിന്റെ എല്ലാ കാര്യങ്ങളും ഓടി നടന്ന് ചെയ്യുന്നത് ബേബിയാണ്. എന്നാല്‍ ഒരു ദിവസം മുതലാളിക്ക് ബേബി ശത്രുവാകുന്നു. പിന്നീട് ശക്തനായ മുതലാളിക്കെതിരെ തന്റെ കുടുംബത്തിന് വേണ്ടി ഒറ്റയ്ക്ക് പടപൊരുതുന്ന ബേബിയുടെ കഥ പറയുകയാണ് രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ഒ ബേബി.ബിജു മേനോന്‍ നായകനായ 'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന ചിത്രത്തിന് ശേഷം രഞ്ജന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ദിലീഷ് പോത്തനാണ് ടൈറ്റില്‍ കഥാപാത്രമായ ബേബിയായി എത്തുന്നത്.

vkjg

കുടുംബ ബന്ധങ്ങളുടെ തീവ്രതയും പ്രണയവും പകയും രാഷ്ട്രീയവും ചിത്രത്തില്‍ പറഞ്ഞ് പോകുന്നു. മുതലാളിമാരുടെ പണത്തിനും അധികാരത്തിനും കീഴെ വീര്‍പ്പുമുട്ടി കഴിയേണ്ടി വരുന്ന ജീവിതങ്ങളും ഒടുവില്‍ അവരുടെ ശബ്ദം ഉയരുന്നതും ചിത്രത്തില്‍ കാണാം.
കോവിഡ് കാലം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുമുണ്ട്.
ബേബിയുടെ മകന്‍ ബേസിലും തിരുവാച്ചോല തറവാട്ടിലെ പുതിയ തലമുറയിലെ മിനിയും തമ്മിലുള്ള സൗഹൃദത്തിന് ചിത്രത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്.

ഇവരുടെ സൗഹൃദം ചിലരെ അലോസരപ്പെടുത്തുമ്പോള്‍ മറ്റു ചിലര്‍ക്കത് ഭയമാണ്. രണ്ട് മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹം കലഹത്തിലേയ്ക്ക് വഴിമാറുന്നതിനാണ് പിന്നീട് പ്രേക്ഷകര്‍ സാക്ഷിയാകുന്നത്.

jklh

ബേബി എന്ന കഥാപാത്രം ദിലീഷ് പോത്തന്‍ ഭംഗിയാക്കി. അരുണ്‍ ചാലില്‍ ആണ് ഛായാഗ്രഹണം. രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രഞ്ജന്‍ തന്നെയാണ് രചനയും നിര്‍വഹിച്ചത്. സംജിത്ത് മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നത്. വരുണ്‍ കൃഷ്ണ, പ്രണവ് ദാസ് ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത്.

ആണ്‍ അധികാരത്തെ വിമര്‍ശിച്ച് 'ദായം'

അമ്മയുടെ പെട്ടെന്നുള്ള മരണത്തിനു ശേഷം ഒരു കൗമാരക്കാരി നേരിടേണ്ടി വരുന്ന യാഥാര്‍ഥ്യങ്ങളും അത് മുന്നോട്ടുവെക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങള്‍ക്കായുള്ള അന്വേഷണവുമാണ് ദായം എന്ന മലയാള ചിത്രം. പതിനേഴുകാരിയുടെ അനുഭവങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്.

kjhu

ദായം എന്നാല്‍ അനന്തരാവകാശം എന്നാണ് അര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ അമ്മയില്‍ നിന്നും മകളിലേക്ക് കൈമാറ്റം ചെയ്യുന്നതെന്ത് എന്നാണ്  സംവിധായകന്‍ പ്രശാന്ത് വിജയ് പറയുന്നത്. പതിനേഴ് വയസ്സുകാരിയായ കല്യാണിയുടേയും അവളുടെ അച്ഛന്റേയും കഥയാണിത്. അവരിലൊരാളെങ്കിലുമില്ലാത്ത ഒരു സീനും സിനിമയിലില്ല. അവര്‍ കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങളാണ് പ്രേക്ഷകരും കാണുന്നത്.

 40 കാരിയായ അമ്മ മരിക്കുന്നതിന് മുന്‍പ് അച്ഛനും അമ്മയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാക്കുന്നത് കണ്ടിട്ടുണ്ടെന്ന് കല്യാണി സിനിമയുടെ തുടക്കത്തില്‍ പറയുന്നു. അതെന്തിനാണെന്ന് നിശ്ചയമില്ലാത്ത കല്യാണി പിന്നീട് ഓരോന്നായി മനസ്സിലാക്കുന്നു. ഇതില്‍ പ്രധാനപ്പെട്ടത്് ഹീറോയായി കണ്ടിരുന്ന അച്ഛന് താനറിയാത്ത മറ്റ് പല മുഖങ്ങളുമുണ്ടെന്ന തിരിച്ചറിവാണ്.

പുരുഷാധിപത്യം ഒരു പെണ്‍കുട്ടി എങ്ങനെ നേരിടുന്നുവെന്നും ദായത്തിലൂടെ പറയുന്നു. 81 മിനുട്ട് മാത്രമുള്ള ഈ കൊച്ച് ചിത്രം അവസാനിക്കുന്നിടത്ത് എന്താണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസരം പ്രേക്ഷകന് നല്‍കുകയാണ്.ആതിര രാജീവാണ് കല്യാണിയെന്ന കഥാപാത്രം മികച്ചതാക്കിയത്. മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുമ്പോഴും ഏറ്റക്കുറച്ചിലുകളില്ലാതെ നാടകീയത ഒട്ടും തോന്നിപ്പിക്കാതെയുള്ള അഭിനയം ഏറെ ശ്രദ്ധേയമാകുന്നു.

hkghkh

 2023ലെ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറിലും ഐ എഫ് എഫ് കെയിലും പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് ദായം ഹാപ്പിനെസ് ചലച്ചിത്ര മേളയിലെത്തുന്നത്. പ്രശാന്ത് വിജയുടെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രമായ അതിശയങ്ങളുടെ വേനലും മുംബൈ ഫിലിം ഫെസ്റ്റിവലിലും ഐ എഫ് എഫ് കെയിലും പ്രദര്‍ശിപ്പിച്ചിരുന്നു.

മദ്യപാനത്തിനെതിരെ വിരല്‍ചൂണ്ടി 'ഫാളന്‍ ലീവ്‌സ്'

പ്രണയം, മദ്യപാനം, തൊഴിലില്ലായ്മ എന്നിവ വരച്ചുകാട്ടി അകികൗരിസ്മാക്കിയുടെ ഫാളന്‍ ലീവ്‌സ്. ചെറിയ ഇതിവൃത്തത്തിലൂടെ വലിയ സന്ദേശമാണ് ചിത്രം പങ്കുവെക്കുന്നത്.  
അന്‍സ, ഹോളപ്പ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍. ഹോളപ്പ നിര്‍മാണ തൊഴിലാളിയും മദ്യപാനിയുമാണ്. അന്‍സ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരിയാണ്.

അവളുടെ ജോലി നഷ്ടപ്പെടുന്നതോടെ ബാറില്‍ ജോലിക്ക് പോവുകയും അവിടെ നിന്ന്് ഹോളപ്പയെ കാണുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. എന്നാല്‍ ഹോളപ്പയുടെ മദ്യപാനശീലം ഇവരുടെ ജീവിതത്തെ മോശമായി ബാധിക്കുന്നു.

ഇതോടെ യഥാര്‍ഥ പുരുഷാധിപത്യം പ്രകടമാക്കി ഹോളപ്പ ബന്ധം ഒഴിവാക്കുകയാണ്്.
ഒടുവില്‍ തെറ്റ് തിരിച്ചറിഞ്ഞ്് ഇരുവരും ഒരുമിക്കുന്നു. ചെറിയൊരു ഇതിവൃത്തത്തിലൂടെ നാടിന്റെ പ്രധാന പ്രശ്‌നങ്ങളായ മദ്യപാനം, തൊഴിലില്ലായ്മ തുടങ്ങിയവ വിവരിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചത്.

2023ല്‍ ഫിന്നിഷ്-ജര്‍മന്‍ ഭാഷയിലാണ് ചിത്രം പുറത്തിറങ്ങിയത്. സ്ലൈസ് ഓഫ് ലൈഫ് എന്ന് വേണമെങ്കില്‍ ചിത്രത്തെ വിശേഷിപ്പിക്കാം.


വിദ്യാര്‍ഥികളുടെ പങ്കാളിത്തം ശ്രദ്ധേയം

ചലച്ചിത്ര മേളയില്‍ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും പങ്കാളിത്തം ശ്രദ്ധേയമാണ്. തളിപ്പറമ്പിലെയും പരിസരത്തെയും കോളേജുകളില്‍ നിന്ന് മാത്രമല്ല ജില്ലയുടെ പല ഭാഗത്ത് നിന്നും കുട്ടികള്‍ ഇവിടെയെത്തിയിട്ടുണ്ട്.

മാധ്യമ വിദ്യാര്‍ഥികള്‍ക്ക് സിനിമ പഠനത്തിന് ഇത്് ഏറെ സഹായകമാകും. ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ കുറഞ്ഞ ചെലവില്‍ കാണാനാകുന്നു എന്നതാണ് ഹാപ്പിനസ് ഫെസ്റ്റിവലിന്റെ മറ്റൊരു നേട്ടം. മേള ജനങ്ങളുടെ ഉത്സവമായി മാറിക്കഴിഞ്ഞു. തളിപ്പറമ്പില്‍ ഇത്തരമൊരു മേള തുടര്‍ച്ചയായി നടക്കുന്നത് പ്രദേശത്തെ സാംസ്‌കാരികമായി അടയാളപ്പെടുത്തുന്നതിന് ഏറെ സഹായിക്കും.  

പി കെ സുരേന്ദ്രന്‍
സിനിമ നിരൂപകന്‍


മലയാള സിനിമയുടെ പ്രാധാന്യമേറുന്നു

റിയലിസ്റ്റ് ചിത്രങ്ങള്‍ കൂടുതലായി വന്ന് തുടങ്ങിയതോടെ മലയാള സിനിമയുടെ പ്രാധാന്യം വര്‍ധിക്കുകയാണ്. മികച്ച സിനിമകള്‍ ഇത്തരം മേള പോലുള്ള കേന്ദ്രീകൃത സംവിധാനത്തിലൂടെ കാണാനായതില്‍ സന്തോഷം. കാഴ്ചക്കപ്പുറം ഓരോ വിഷയത്തിലും പുതിയ കാഴ്ച്ചപ്പാടുകളാണ് ഇവ സമ്മാനിക്കുന്നത്. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ജീവിതത്തിലെ വിവിധ വിഷയങ്ങള്‍ വളരെ ആഴത്തില്‍ വിവരിക്കുന്നതാണ്. തെയ്യങ്ങളുടെയും ഉത്സവങ്ങളുടെയും നാടായ കണ്ണൂരിന് മേള മറ്റൊരു ഉത്സവമാവുകയാണ്.

കണ്ണൂര്‍ ശ്രീലത
സനിമ താരം


നല്ല സിനിമക്ക് പ്രേക്ഷകരുണ്ടാകും

എന്റെ ഷെഹറസാദെ എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്് പുതിയൊരു അനുഭവമാണ്. ജനങ്ങളില്‍ നിന്ന്് മികച്ച പ്രതികരണം കേള്‍ക്കാനും അവരുമായി സംവദിക്കാനും കഴിഞ്ഞു. തിയറ്ററുകളിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക്് സിനിമയെ ജനം എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിന്റെ സൂചനയാണ്. നല്ല സനിമ കാണാന്‍ എന്നും പ്രേക്ഷകരുണ്ടാകും.

വിഘ്‌നേഷ് പി ശശിധരന്‍
സംവിധായകന്‍


ലോക സിനിമകളുടെ തീയേറ്റര്‍ അനുഭവം വ്യത്യസ്തം

മൊബൈലിലും ടെലിവിഷനിലും കാണുന്നതിനപ്പുറം ലോക സിനിമകളുടെ തീയേറ്റര്‍ അനുഭവം കൂടുതല്‍ ആസ്വാദ്യകരമാണ്. ലോക സിനിമകളുടെ തീയേറ്റര്‍ അനുഭവത്തിനായാണ് ഞാനും ഒപ്പം പഠിക്കുന്നവരും എത്തിയത്. പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ എല്ലാം മികച്ചതാണ്. പരമാവധി വ്യത്യസ്ത തലങ്ങളിലുള്ള ചിത്രങ്ങള്‍ കാണുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ ഹാപ്പിനസ് മേളക്ക്് എത്തിയപ്പോള്‍ ലഭിച്ച മികച്ച അനുഭവമാണ് ഇത്തവണയും വരാന്‍ പ്രേരണയായത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മേള തുടരണമെന്നാണ് ആഗ്രഹം. തിരുവനന്തപുരത്ത്് എത്തി ഐ എഫ് എഫ് കെ ആസ്വദിക്കാനാകാത്ത കണ്ണൂരുകാര്‍ക്ക് ഇത് വലിയ അവസരം തന്നെയാണ്.

Tags