പുതുനാരിയ്ക്ക് 11, തോഴിയ്ക്ക് 64 ; ഹാപ്പിനസ് ഫെസ്റ്റിവൽ വേദിയെ കയ്യിലെടുത്ത് മൊഞ്ചത്തിമാർ..

oppana

ധർമ്മശാല: മാപ്പിള ഇശലിനൊത്ത് ചാഞ്ഞും ചരിഞ്ഞും മൈലാഞ്ചി കൈകൾ വീശി ഹാപ്പിനസ് ഫെസ്റ്റിവൽ വേദി കീഴടക്കിയിരിക്കുകയാണ് ഒരു ഒപ്പന സംഘം. ഏവരുടെയും ശ്രദ്ധ ആകർഷിച്ച ഈ ഒപ്പന സംഘത്തിൽ 11 വയസ്സുകാരി മുതൽ 64 വയസ്സുകാരി വരെയുണ്ട്. 11 വയസുകാരി വൈഗ രാഗേഷ് പുതുനാരി ആയപ്പോൾ 64 വയസ്സുകാരി ശോഭന നാരായണൻ പുതുനാരിയുടെ തോഴിയായി.

ഇവരെ കൂടാതെ ഉഷ പവിത്രൻ, സുനിത നാരായണൻ, ഉഷ ഗോവിന്ദൻ, , രേഖ സതീഷ്, രഞ്ജിനി ബാബുരാജ്, സുഹാസിനി വത്സൻ, രസ്ന ഷിജു, രജനി പ്രകാശൻ എന്നിവരായിരുന്നു ഒപ്പന സംഘത്തിലുണ്ടായിരുന്നത്. 
ഒപ്പന സംഘത്തിലെ പലർക്കും വയസ്സ് 50 പിന്നിട്ടുവെങ്കിലും പ്രായത്തിന്റെ അവശതകളല്ല, മറിച്ച് പലതും നേടിയെടുക്കുന്നുള്ള ആവേശമാണ് ചിരിനിറഞ്ഞ ആ മുഖങ്ങളിൽ നിഴലിച്ചത്. 

ഹാപ്പിനെസ്സ് വേദിയിൽ അവതരിപ്പിക്കാൻ കൈകൊട്ടികളി പരിശീലിക്കുന്നതിനിടയിലാണ് ഒപ്പനയുണ്ടെന്ന് അറിയുന്നത് ഇതോടെ ഒപ്പനയിൽ കൂടി പങ്കെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
ഒരു ഗുരുവിന്റെയും ശിക്ഷണം ഇല്ലാതെ സ്വയം പഠിച്ചാണ് ഇവർ ഹാപ്പിനെസ്സ് വേദിയിൽ എത്തിയത്. അതും രണ്ട് ദിവസം കൊണ്ട്. 

ആശാവർക്കർ, ലൈബ്രേറിയൻ, വീട്ടമ്മമാർ എന്നിവരടങ്ങുന്നതാണ് ഈ ഒപ്പനസംഘം. മണവാട്ടിയാവാൻ ആളെ കിട്ടാതായപ്പോഴാണ് ആറാം ക്ലാസുകാരിയായ വൈഗയെ ഇവർ കൂടെ കൂട്ടിയത്. പറശ്ശിനിക്കടവ് കോടല്ലൂർ സ്വദേശികളായ ഇവർ തൊട്ടടുത്തുള്ള ക്ലബ്‌ ആയിരുന്നു തങ്ങളുടെ പരിശീലനകളരിയാക്കിയത്. എല്ലാവരുടെയും തിരക്കുകൾ ഒഴിഞ്ഞുള്ള വൈകുന്നേരങ്ങളായിരുന്നു പരിശീലന സമയം.

യോഗയടക്കം ചെയ്യുന്നതുകൊണ്ട് തന്നെ യാതൊരു ശാരീരിക ബുദ്ധിമുട്ടും തങ്ങളെ അലട്ടുന്നില്ലെന്നാണ് ഇവർ പറയുന്നത്. രണ്ട് ദിവസംകൊണ്ട് പഠിച്ചെടുത്തതിന്റെ ചില പോരായ്മകൾ ഉണ്ടായത് പരിഹരിച്ചുകൊണ്ട് മറ്റൊരു വേദിയിൽ കൂടുതൽ മാറ്റോടെയെത്തും എന്നും ഇവർ പറയുന്നു. ഇനി ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ വേദിയിൽ കൈകൊട്ടിക്കളിയുമായി എത്താനുള്ള തയ്യാറെടുപ്പിലാണ് ഇവർ.