കണ്ണൂർ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ജനുവരി 30നകം ഹരിത സ്ഥാപനങ്ങളാകാൻ നടപടികൾ ത്വരിതപ്പെടുത്തണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Minister Ramachandran Kadannappalli
Minister Ramachandran Kadannappalli

കണ്ണൂർ : ജില്ലയിലെ ഓഫീസുകൾ, സ്‌കൂളുകൾ, അങ്കണവാടികൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും ജനുവരി 30നകം ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ജില്ലാതല അവലോകന യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാലിന്യ മുക്തം ക്യാമ്പയിനിൽ ജനകീയ സഹകരണത്തിന്റെ കരുത്ത് ഉണ്ടാവണം. മാലിന്യനിർമാർജനം ഗൗരവമുള്ള വിഷയമാണ്. ഇതിനുണ്ടാകുന്ന ചെറിയ അലംഭാവം പോലും മാരകമായ രോഗങ്ങൾക്കും മറ്റു പ്രശ്‌നങ്ങൾക്കും കാരണമാകും. ജനങ്ങളുടെ പങ്കാളിത്തത്തോടെ അതാതിടങ്ങളിൽ ക്യാമ്പയിൻ ഫലപ്രാപ്തിയിലെത്തിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ പ്രാദേശികമായി നൽകണമെന്നും മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ വിളിച്ചു ചേർത്തു മണ്ഡലതല അവലോകനയോഗം ചേർന്ന് മാർച്ച് അഞ്ചിനകം മണ്ഡലതല ഹരിത പ്രഖ്യാപനത്തിനുള്ള നടപടികൾ പൂർത്തീകരിക്കണം. മാർച്ച് പത്തിനകം ജില്ലാതല പ്രഖ്യാപനം നടത്താനുള്ള ക്രമീകരണങ്ങൾ സംബന്ധിച്ചും യോഗത്തിൽ ആലോചിച്ചു.


ടൗണുകൾ, മാർക്കറ്റുകൾ പൊതു ഇടങ്ങൾ തുടങ്ങി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ മുഴുവൻ ഇടങ്ങളും ഹരിത പദവി നേടാൻ പ്രയത്‌നിക്കാൻ യോഗം തീരുമാനിച്ചു. ഫെബ്രുവരി പകുതിയോടെ  100 ശതമാനം അയൽകൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളായി മാറിയതിന്റെ പ്രഖ്യാപനം നടത്തണം. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും കലാലയങ്ങളും ഹരിത പദവിയിൽ  എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന് പ്രത്യേക നിർദേശം നൽകി. ജനുവരി 26ന് ജില്ലയിലെ 50 ശതമാനം ടൂറിസ്റ്റ് കേന്ദ്രങ്ങളെയും മാർച്ച് 30ന് ജില്ലയിലെ 100 ശതമാനം ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാൻ കഴിയണം. നൂറുശതമാനം കവറേജ്, യൂസർ ഫീ, ജൈവമാലിന്യ സംസ്‌കരണം, ആവശ്യകതയുടെ അത്രയും മാലിന്യ ശേഖരണ കേന്ദ്രങ്ങൾ, എസ്.ടി.പി, എഫ്.എസ്.ടി.പി, ആർഡിഎഫ് പ്ലാന്റുകൾ, സാനിറ്ററി മാലിന്യ സംസ്‌കരണം തുടങ്ങിയവയിലൂടെ മാലിന്യക്കൂന രഹിത ജില്ല എന്ന നിലയിലേക്ക് എത്തുകയാണ് ലക്ഷ്യമെന്നും യോഗം വിലയിരുത്തി.
 
ജില്ലയിൽ ഇതുവരെ 98 ടൗണുകളെ ഹരിത ടൗണുകളായും 248 പൊതു ഇടങ്ങളിൽ 33 പൊതുഇടങ്ങളെ ഹരിത പൊതു ഇടങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. 4659 സ്ഥാപനങ്ങളിൽ 2426 സ്ഥാപനങ്ങൾ ഹരിത സ്ഥാപനങ്ങളായും പ്രഖ്യാപനം നടത്തി. നിലവിൽ 14478 അയൽക്കൂട്ടങ്ങളെയാണ് ഹരിത   അയൽക്കൂട്ടങ്ങളായി  പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ 1629 വിദ്യാലയങ്ങളിൽ 1184 എണ്ണവും 110 കലാലയങ്ങളിൽ 42 എണ്ണവും ഹരിത കലാലയങ്ങളായി പ്രഖ്യാപിച്ചു. 34 ടൂറിസം കേന്ദ്രങ്ങളിൽ ആറെണ്ണമാണ് ഹരിത ടൂറിസം കേന്ദ്രങ്ങളായി  പ്രഖ്യാപനം നടത്തിയത്. ക്യമ്പയിനുമായി ബന്ധപ്പെട്ട്  ഓറിയന്റേഷൻ ആവശ്യമുള്ള ഓഫീസുകൾക്ക് ശുചിത്വമിഷിനെ സമീപിക്കാവുന്നതാണെന്ന കോർഡിനേറ്റർ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷത വഹിച്ചു. എഡിഎം സി പദ്മചന്ദ്രക്കുറുപ്പ്, എൽഎസ് ജി ഡി ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എം സുനിൽകുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സോമശേഖരൻ എന്നിവർ സംസാരിച്ചു. വകുപ്പ് മേധാവികൾ, എംഎൽഎമാരുടെ പ്രതിനിധികൾ, വ്യാപാരി-ഹോട്ടൽ -കാറ്ററിങ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags