റെയിൽവേ മേൽപ്പാലങ്ങൾക്ക് സർക്കാർ നൽകുന്നത് പ്രത്യേക പരിഗണന: മന്ത്രി മുഹമ്മദ് റിയാസ്

 Government is giving special consideration to railway flyovers: Minister Muhammad Riaz
 Government is giving special consideration to railway flyovers: Minister Muhammad Riaz

കണ്ണൂർ:റെയിൽവേ മേൽപ്പാലങ്ങൾക്ക് സർക്കാർ നൽകുന്നത് പ്രത്യേക പരിഗണനയാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ മണ്ഡലത്തിലെ ചാലയേയും തോട്ടടയേയും ബന്ധിപ്പിക്കുന്ന ചാല കട്ടിംഗ് റെയിൽവേ മേൽപ്പാലം പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി..

റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് രൂപീകരിച്ച റോഡ്‌സ് ബ്രിഡ്ജസ് കോർപറേഷൻ 73 റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ ആറെണ്ണം പ്രവൃത്തി പൂർത്തിയായി. എട്ടെണ്ണത്തിന്റെ പ്രവൃത്തി തുടരുന്നു. നാല് റെയിൽവേ മേൽപ്പാലം ടെൻഡർ ഘട്ടത്തിലാണ്. ആറെണ്ണത്തിന്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. മറ്റുള്ളവ വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറഞ്ഞു.

ചാല കട്ടിംഗ് റെയിൽവേ മേൽപ്പാലം വരുന്നതിലൂടെ നാടിന്റെ ദീർഘകാലത്തെ കാത്തിരിപ്പാണ് യാഥാർഥ്യമാവുന്നതെന്ന് മന്ത്രി പറഞ്ഞു.പൊതുമരാമത്ത് വകുപ്പിന്റെ 7.02 കോടിയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎ ഫണ്ടിൽനിന്നുള്ള 1.05 കോടിയും ഉൾപ്പെടെ 8.07 കോടി രൂപയാണിവിടെ ചെലവഴിക്കുന്നത്. റെയിൽവേ മേൽപ്പാലത്തിന് 30 മീറ്റർ നീളവും ആറ് മീറ്റർ കാര്യേജ് വേയും ഒരു ഭാഗത്ത് ഒരു മീറ്റർ നടപ്പാതയും ഉൾപ്പെടെ ആകെ ഏഴ് മീറ്റർ വീതിയും ഉണ്ട്. എട്ട് മീറ്ററോളം ഉയരത്തിലാണിത് നിർമ്മിക്കുക.

മേൽപ്പാലത്തിന്റെ ചാല ഭാഗത്തെ അനുബന്ധ റോഡ് ദേശീയപാത 66ന്റെ കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡുമായി ബന്ധിപ്പിക്കുന്നതാണ്. ചൊവ്വ കൂത്തുപറമ്പ സംസ്ഥാനപാതയിലെ ചാലക്കുന്നിൽ എത്തിച്ചേരുന്ന തോട്ടട ഗവ. പോളിടെക്‌നിക് കോളേജ്, തോട്ടട ഗവ. ഐ.ടി.ഐ. ജെ.ടി.എസ് എന്നിവിടങ്ങളിലെ വിദ്യാർഥികളും അതുപോലെ നാട്ടുകാരും തോട്ടട ഭാഗത്ത് സ്ഥിതിചെയ്യുന്ന അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റും എളുപ്പത്തിൽ എത്തിച്ചേരുന്നത് ചാലയിലെ റെയിൽവേ പാളം മുറിച്ചു കടന്നുകൊണ്ടാണ്.

തോട്ടട ഗവ. പോളിടെക്‌നിക് കോളജിൽ നടന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ കൗൺസിലർമാരായ കെ ബാലകൃഷ്ണൻ, എൻ മിനി, ബിജോയ് തയ്യിൽ, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ കെ എം ഹരീഷ്, റെയിൽവേ അസി. ഡിവിഷനൽ എൻജിനീയർ കെ വി മനോജ് കുമാർ, പോളിടെക്‌നിക് പ്രിൻസിപ്പൽ പ്രമോദ് ചാത്തംപള്ളി, എംകെ മുരളി, സി ലക്ഷ്മണൻ, കെ വി ചന്ദ്രൻ, കോഫി ഹൗസ് പ്രസിഡൻറ് എൻ ബാലകൃഷ്ണൻ മാസ്റ്റർ, ഒ പി രവീന്ദ്രൻ, പി പ്രകാശൻ, രാജീവൻ കീഴ്ത്തള്ളി, ഷമീർ ബാബു, ഒ ബാലകൃഷ്ണൻ, രാകേഷ് മന്ദമ്പേത്ത്, ജി രാജേന്ദ്രൻ, അസ്‌ലാം പിലാക്കൽ, കെ വി ബാബു എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ കെ ഉമാവതി റിപ്പോർട്ട് അവതരിപ്പിച്ചു.

Tags