അന്നം തരുന്ന കര്‍ഷകരെ സര്‍ക്കാര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു : അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

google news
martin

ആലക്കോട്: നാടിന് അന്നം തരുന്ന കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാരെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്‍ഭാടത്തിനും ദൂര്‍ത്തിനും സാമ്പത്തിക പ്രതിസന്ധി പ്രശ്നമല്ല. കര്‍ഷകര്‍ക്ക് അവരുടെ അധ്വാനത്തിന്റെ അര്‍ഹതപ്പെട്ട പ്രതിഫലം നല്‍കുന്നതിലും പാവപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ നല്‍കുന്നതിലുമൊക്കെയാണ് സര്‍ക്കാരിന് സാമ്പത്തിക പ്രയാസമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.

കര്‍ഷക ആത്മഹത്യകള്‍ കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാരിനെതിരേ അഡ്വ.സജീവ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ കരുവഞ്ചാല്‍ ടൗണില്‍ നടന്ന ജനപ്രതിനിധികളുടെ ഉപവാസസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

  മൂന്ന് മാസത്തിനിടെ നാലു  കര്‍ഷകരാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം ആത്മഹത്യ ചെയ്തത്.  കാലാവസ്ഥാവ്യതിയാനവും കടക്കെണിയും വന്യമൃഗശല്യവും കാരണം നില്‍ക്കക്കള്ളിയില്ലാതെയായ കര്‍ഷകരുടെ ആവലാതികളൊന്നും സര്‍ക്കാര്‍ ചെവിക്കൊള്ളുന്നതേയില്ല.

വിളകളുടെ വിലയിടിവും വിളനാശവും കാരണം വായ്പയെടുത്ത പണം തിരിച്ചടയ്ക്കാനാകാതെ വലയുകയാണ് കര്‍ഷകര്‍. ബാങ്ക് ജപ്തിനടപടികള്‍ നേരിടാനാകാതെ ജീവനൊടുക്കുന്ന കര്‍ഷകരുടെ ദുരന്തം അധികാരികള്‍ കാണുന്നതേയില്ല.  കടക്കെണി കാരണം സമീപ കാലത്തായി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് ചെറുതായൊരു ആശ്വാസനടപടി പോലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കര്‍ഷകരെ അണിനിരത്തി കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുമെന്നും അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

Tags