കാട്ടാന ശല്യം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കടുത്ത പ്രക്ഷോഭമാരംഭിക്കും : തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി
ഇരിട്ടി : കണ്ണൂർ ജില്ലയുടെ മലയോര മേഖലയിലെ കാട്ടാന ശല്യം അവസാനിപ്പിക്കാൻ ഇനിയും സർക്കാർ തയ്യാറായില്ലെങ്കിൽ തലശേരി അതിരൂപത പ്രക്ഷോഭമാരംഭിക്കുമെന്ന് തലശേരിആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി യുടെ മുന്നറിയിപ്പ്.
മലയോർകർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ
പ്രക്ഷോഭം കടുപ്പിക്കുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുന്നറിയിപ്പു നൽകി.വനം മന്ത്രിയോട് പരാതി പറഞ്ഞതെല്ലാം ചെന്നെത്തിയത് ബധിര കർണങ്ങളിലാണ് പതിക്കുന്നതെന്നും ബിഷപ്പ് വിമർശിച്ചു.
കാട്ടാന ശല്യം രൂക്ഷമായ ഇരിട്ടിയിലെ പാലത്തുംകടവ് പ്രദേശം, സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ ജില്ലയിൽ കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളാണ് ഇരിട്ടിക്ക് സമീപമുള്ള പാലത്തുംകടവും കച്ചേരിക്കടവും മുടിക്കയവും. രണ്ടാഴ്ച മുമ്പ് കച്ചേരിക്കടവിലിറങ്ങിയ കാട്ടാനക്കൂട്ടം ഇപ്പോഴും കാട് കയറിയിട്ടില്ല.
നിരവധി കർഷകരുടെ കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് തലശ്ശേരി ആർച്ച് ബിഷപ്പിന്‍റെ നേതൃത്വത്തിൽ മേഖലയിൽ സന്ദർശനം നടത്തിയത്. ഇവിടെ പകൽ സമയത്ത് പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.