സർക്കാർ ബില്ലുകൾ അനുവദിക്കുന്നില്ല; ചെറുകിട ഗവ. കരാറുകാർ പ്രക്ഷോഭത്തിലേക്ക്

google news
Government does not allow bills; Small Govt. Contractors to strike

കണ്ണൂർ : സർക്കാർ പ്രവൃത്തികളേറ്റെടുത്ത് നടത്തിയ ഗവ: കരാറുകാർ കടുത്ത അവഗണനയും പ്രതിസന്ധിയുമാണ് നേരിടുന്നതെന്ന് കേരള ഗവ. കോൺട്രാക്റ്റേഴ്സ് ഫെഡറേഷൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചെറുകിട കരാറുകാർ
സ്വന്തം ചെലവിൽ ഏറ്റെടുത്ത പ്രവൃത്തിയുടെ പണം നൽകാൻ സർക്കാർ തയ്യാറാവുന്നില്ല. ഇതു ചോദിക്കുമ്പോൾ ബാങ്കിൽ നിന്നും വായ്പയെടുക്കാൻ സർക്കാർ ഗ്യാരൻ ഡി നിൽക്കാമെന്നാണ് പറയുന്നത്. എന്നാൽ ചെറുകിട കരാറുകാർക്ക് ബാങ്കുകൾ വായ്പ നൽകാത്ത സാഹചര്യമാണുള്ളതെന്ന് കേരള ഗവ. കോൺട്രാക്റ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹികൾ ചുണ്ടിക്കാട്ടി.

 മൂന്ന് മാസമായി ചെറുകിട കരാറുകാർക്ക് ഒരു ലക്ഷത്തിൽ അധികം രൂപയുടെ ബില്ലുകൾ സർക്കാർ പാസാക്കുന്നില്ല. അതുകൊണ്ടു തന്നെ ഏറ്റെടുത്ത പ്രവൃത്തികൾ അധികവും മുടങ്ങിയ സാഹചര്യമാണുള്ളത്. നിരവധി തവണ സംഘടന നിവേദനത്തിലുടെയും സമരത്തിലൂടെയും ഈ വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും പരിഗണിക്കാത്ത സാഹചര്യത്തിൽ സമരരംഗത്തിറങ്ങാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്ന് ഫെഡറേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ചുണ്ടിക്കാട്ടി. ചെറുകിട കരാറുകാരുടെ ലൈസൻസ് ഫീസ് അൻപതിനായിരത്തിൽ നിന്നും ഒന്നര ലക്ഷമാക്കി ഉയർത്തിയതു കാരണം പലരും കരാർ രംഗം തന്നെ ഉപേക്ഷിക്കുകയാണ്.

 സാമ്പത്തികപ്രതിസന്ധിയാണ് സർക്കാർ ഫീസ് വർധനയ്ക്കു കാരണമായി പറയുന്നത് 1000 കോടിയുടെ ബില്ലുകളാണ് സർക്കാർ തടഞ്ഞുവെച്ചിട്ടുള്ളത്. വാട്ടർ അതോറിറ്റിയിലും ഇതിനു സമാനമായ അവസ്ഥയാണുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ചെറുകിട കരാറുകാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനുവരി 31ന് രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും.

 കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് ഓഫിസിന് മുൻപിലാണ് അന്നേ ദിവസം ധർണ നടത്തുകയെന്ന് സംസ്ഥാന ജനറൽസെക്രട്ടറി പി.വി കൃഷ്ണൻ  അറിയിച്ചു.വാർത്താ സമ്മേളനത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി എ വിജയൻ, കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ജയപ്രകാശൻ, ഭാരവാഹികളായ വേണു ഗോപാലൻ, എം.കെ രത്നാകരൻ എന്നിവർ പങ്കെടുത്തു.

Tags