സ്വർണ തൊഴിലാളികൾ കണ്ണൂർ ലേബർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
കണ്ണൂർ: സ്വർണത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ ജില്ലാ ലേബർ ഓഫീസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ പ്രസിഡന്റ് സി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആഭരണ നിർമാണത്തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, സെസ് പിരിച്ചെടുത്ത് ആഭരണ നിർമാണത്തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടുക, പണിക്കൂലി ഇല്ലാതെ ആഭരണങ്ങൾ വിൽപ്പന നടത്തുന്നതിന്റെ പിന്നിലെ തട്ടിപ്പ് പുറത്ത് കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
കലക്ടറേറ്റിനു മുന്നിൽ നടന്ന സമരത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഒ സജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജ്യോതീന്ദ്രൻ കെ കെ സ്വാഗതം പറഞ്ഞു. കെ മനോഹരൻ, പ്രസന്നൻ കെ വി, സന്തോഷ് ഇ എസ്, ബാബു മാവിങ്കൽ, സി വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു