മാലിന്യനിർമാർജനം- നടപടികൾ ശക്തമാക്കി കണ്ണൂർ കോർപ്പറേഷൻ

Garbage disposal - Kannur Corporation has strengthened the measures
Garbage disposal - Kannur Corporation has strengthened the measures

കണ്ണൂർ :കണ്ണൂർ കോർപ്പറേഷനിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും ഹരിത കർമ്മ സേനയുടെ രജിസ്ട്രേഷൻ എടുത്ത് ജൈവ അജൈവമാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കാത്ത സ്ഥാപനങ്ങൾക്കും വീടുകൾക്കും എതിരെ കർശന  നടപടി സ്വീകരിക്കാൻ കോർപ്പറേഷൻ മേയർ  മുസ്ലിഹ്  മഠത്തിലിന്റെ  അധ്യക്ഷതയിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരുടെയും  യോഗത്തിൽ തീരുമാനമായി.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷിന്റെ  നേതൃത്വത്തിൽ കഴിഞ്ഞദിവസം കലക്ടേറ്റിൽ  ചേർന്ന അവലോകന യോഗത്തിന്റെ തുടർച്ചയാണ് കോർപ്പറേഷൻ ഭരണസമിതി നിലപാട് കടുപ്പിച്ചത്. കോർപ്പറേഷനിലെ മുഴുവൻ ടൗണുകളും ഹരിത ടൗൺ ആക്കി മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. കോർപ്പറേഷന്റെ വ്യാപാര ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കെതിരെയും നിയമാനുസൃത നോട്ടീസ് നൽകി അടച്ചുപൂട്ടൽ നടപടി സ്വീകരിക്കും. കോർപ്പറേഷനിലെ മുഴുവൻ സ്കൂളുകളും, അംഗൻവാടികളും സർക്കാർ സ്ഥാപനങ്ങളും ഹരിത ഓഫീസ് സ്ഥാപനമായി   പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.

അവശേഷിക്കുന്ന സ്ഥാപനങ്ങൾ അടിയന്തരമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശം ആരോഗ്യവിഭാഗം  നൽകിയിട്ടുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം എല്ലാ വ്യാപാര സ്ഥാപനങ്ങളും ജൈവ അജൈവമാലിന്യങ്ങൾ ശേഖരിക്കാൻ രണ്ട് ബക്കറ്റുകൾ വെക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു.എങ്കിലും പല സ്ഥാപനങ്ങളും ഇത് ലംഘിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. ഡെപ്യൂട്ടി മേയർ പി.ഇന്ദിര അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ എം.പി. രാജേഷ്, കോർപറേഷൻ അഡിഷണൽ  സെക്രട്ടറി ഡി  ജയകുമാർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ  തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags