തളിപ്പറമ്പ് കണികുന്ന് പ്രദേശത്ത് വനം വകുപ്പ് ഉത്തരമേഖലാ മേധാവിയും ജില്ലാ വനം വകുപ്പ് മേധാവിയും സന്ദർശനം നടത്തി
തളിപ്പറമ്പ്: പുലിയുടേതിന് സമാനമായ കാൽപ്പാട് കണ്ടെത്തിയ തളിപ്പറമ്പ് കണികുന്ന് പ്രദേശത്ത് വനം വകുപ്പ് ഉത്തരമേഖലാ മേധാവിയും ജില്ലാ വനം വകുപ്പ് മേധാവിയും സന്ദർശനം നടത്തി. ഉത്തരമേഖല വനം വകുപ്പ് മേധാവി കെ.എസ് ദീപ ഐ.എഫ്.എസ്, ഡി.എഫ്.ഒ എസ്. വൈശാഖ് എന്നിവരാണ് ശനിയാഴ്ച്ച രാവിലെ 11 മണിയോടെ എത്തിയത്.
കണികുന്നിലും പുളിമ്പറമ്പിലും ഉൾപ്പെടെ പുലിയെ കണ്ട സംഭവം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നാട്ടുകാരെയും ഉദ്യോഗസ്ഥരെയും മുൾമുനയിൽ നിർത്തുകയാണ്. തളിപ്പറമ്പിന് സമീപത്തെ വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടതായുള്ള വിവരങ്ങളും നാടിനെ ആശങ്കയിലാക്കുകയാണ്.
വനം വകുപ്പ് ആർ.ആർ ടീം, വനം വകുപ്പ് ഉദ്യോഗസ്ഥർ,വാച്ചർമാർ എന്നിവരുടെ പരിശോധനയിലും ഡ്രോൺ പരിശോധനയിലും പുലിയെ സംബന്ധിച്ച വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് വയനാട്ടിൽ നിന്നും ആറ് ക്യാമറകൾ എത്തിച്ച് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചെങ്കിലും പുലിയുടെ വിവരങ്ങളൊന്നും ക്യാമറയിൽ പതിയാത്തത് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തിയ സ്ഥലത്തും പല ഘട്ടങ്ങളിലായി പുലിയെ കണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലത്തും നടത്തിയ പരിശോധനകളിൽ ഇതുവരെ പുലിയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ക്യാമറകൾ സ്ഥാനം മാറ്റി സ്ഥാപിച്ച് പുലിയുടെ വിവരം ലഭിക്കുമോയെന്ന നിരീക്ഷണം നടന്നു വരികയാണ്.
ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമേ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാകൂ എന്നും കുറച്ചു ദിവസം കൂടി ക്യാമറ നിരീക്ഷണവും രാത്രികാല പട്രോളിങ് ഉൾപ്പെടെ തുടരുമെന്നും ഡി.എഫ്.ഒ എസ്. വൈശാഖ് പറഞ്ഞു. തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ പി. രതീശനും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഉന്നത സംഘത്തെ അനുഗമിച്ചിരുന്നു.