തളിപ്പറമ്പ മാർക്കറ്റ് നവീകരിക്കാനുള്ള ടെൻഡർ നടപടി തടഞ്ഞ് മൽസ്യ- ഇറച്ചി വിൽപ്പനക്കാർ; ഭാരവാഹികളെ ഓഫീസിൽ പൂട്ടിയിട്ടു
തളിപ്പറമ്പ: മാർക്കറ്റ് നവീകരിക്കാനുള്ള ടെൻഡർ നടപടി മൽസ്യ- ഇറച്ചി വിൽപ്പനക്കാർ തടഞ്ഞു. തങ്ങളുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കാതെയാണ് പ്ലാൻ തയ്യാറാക്കിയതെന്ന് ആരോപിച്ചാണ് 30ഓളം പ്രവർത്തകർ ജുമാഅത്ത് പള്ളി ട്രസ്റ്റ് ഓഫീസിൽ എത്തിയത്.
നിലവിലുള്ള മാർക്കറ്റ് 90 ലക്ഷം രൂപ മുടക്കി നവീകരിക്കാൻ ടെൻഡർ വിളിച്ചിരുന്നു. ഇന്നാണ് ടെൻഡർ പൊട്ടിക്കുന്നത്. ഇതാണ് പ്രവർത്തകർ തടഞ്ഞത്. എക്സസിക്യുട്ടീവ് ഓഫീസറെയും പള്ളിക്കമ്മിറ്റി ഭാരവാഹികളെയും ഓഫീസിൽ പൂട്ടിയിട്ടു. ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികളായ സി.പി.വി അബ്ദുള്ള, കൊടിയിൽ സലീം, മുഹമ്മദ് കുഞ്ഞി, എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരെയാണ് ഓഫീസിൽ പൂട്ടിയിട്ടത്.
പിന്നീട് പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. വിവിധ യൂണിയൻ നേതാക്കളായ കെ.വി മുസ്‌തഫ, ഷെരീഫ്, ഉനൈസ്, സാലി, മണ്ണൻ സുബൈർ എന്നിവർ നേതൃത്വം നൽകി. വഖഫ് ബോർഡിന്റെ അനുമതി ലഭിച്ചതിനെത്തുടർന്നാണ് നിയമപ്രകാരം ടെൻഡർ വിളിച്ചതെന്നാണ് പള്ളിക്കമ്മിറ്റിയുടെ വാദം.