ഒന്നാം വർഷ വിദ്യാർഥികൾക്ക് മർദ്ദനം: മട്ടന്നൂർ കോളേജിൽ ആറു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

ragging

മട്ടന്നൂർ: മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ ഒന്നാം വർഷ വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറു സീനിയർ വിദ്യാർഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഫെബ്രുവരി അഞ്ചിനാണ് 10 വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്യാമ്പസിൽ വെച്ച് സംഘം ചേർന്ന് മർദ്ദിച്ചത്. മദ്യപിച്ചെന്നും ഒരു രണ്ടാം വർഷ വിദ്യാർഥിയോട് മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് മർദ്ദിച്ചതെന്ന് പറയുന്നു. 

സംഭവത്തിൽ രണ്ടും മൂന്നും വർഷ വിദ്യാർഥികളായ വി.എ.ശ്രീയേഷ്, വി.വി. മുഹമ്മദ് സഫ്‌വാൻ, സി.പി. മുഹമ്മദ് ഷംനാദ്, എൻ.റോബിൻ രഞ്ജിത്, ഇ.അക്ഷയ്, പി.ജി.അനഘ് എന്നിവരെയാണ് തിങ്കളാഴ്ച സസ്പെൻഡ് ചെയ്തത്. 

മർദ്ദനമേറ്റ വിദ്യാർഥികൾ പോലീസിലും കോളേജ് അധികൃതർക്കും പരാതി നൽകുകയായിരുന്നു. കോളേജ് അച്ചടക്ക സമിതിയും ആൻ്റി റാഗിങ് സെല്ലും അക്രമത്തിൻ്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിന് മുതിർന്ന അധ്യാപകൻ്റെ നേതൃത്വത്തിൽ ഏഴംഗ സമിതിയെ നിയോഗിച്ചതായും പ്രിൻസിപ്പൽ അറിയിച്ചു.

Tags