കർഷക ആത്മഹത്യകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉത്തരം പറയണം : അഡ്വ.മാർട്ടിൻ ജോർജ്ജ്

google news
martin

കണ്ണൂർ : കേരളത്തിൽ വർധിച്ചു വരുന്ന കർഷക ആത്മഹത്യകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തുല്യ ഉത്തരവാദികളാണെന്നും ,കാലം ഇതിന് കണക്ക്  ചോദിക്കുമെന്നും ഡിസിസി പ്രസിഡണ്ട്  അഡ്വ. മാർട്ടിൻ ജോർജ്ജ്  പറഞ്ഞു.

കണ്ണൂരിൽ കർഷക കോൺഗ്രസ് സംസ്ഥാനതല  നേതൃത്വ  സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. അടുത്ത കാലത്തായി കണ്ണൂർ ജില്ലയിൽ മാത്രം നാല് കർഷകരാണ് ആത്മഹത്യചെയ്തത്. വിളനാശവും വില ഇടിവും മാത്രമല്ല, വന്യമൃഗശല്യവും നാൾക്കുനാൾ വർധിച്ചുവരികയാണ്.

കർഷകർ കൃഷി ഉപേക്ഷിക്കുക  മാത്രമല്ല വന്യമൃഗങ്ങളിൽ നിന്നും ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് .കശുവണ്ടി സീസണടുത്തിട്ടും സംഭരണവും, താങ്ങുവില അടക്കമുള്ള കാര്യങ്ങളിലും സർക്കാർ നിസ്സംഗത പാലിക്കുകയാണ് .

കർഷക ദ്രോഹ നടപടികൾ സർക്കാരുകൾ തുടരുകയാണെങ്കിൽ കേരളത്തിലെ കർഷകരെ അണിനിരത്തി ശക്തമായ സമര മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്ന്  യോഗം മുന്നറിയിപ്പ് നൽകി. അഡ്വ. സജീവ് ജോസഫ്  എംഎൽഎ മുഖ്യപ്രഭാഷണം നടത്തി .

കണ്ണൂർ പാത്തൻപാറയിൽ  കഴിഞ്ഞാഴ്ച ആത്മഹത്യ ചെയ്ത ഇടച്ചാറക്കൽ ജോസിൻ്റെ  കുടുംബത്തിന് വീട് വെച്ച് നൽകാനുള്ള കമ്മിറ്റിയും യോഗത്തിൽ രൂപീകരിച്ചു. യോഗത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ സി വിജയൻ അധ്യക്ഷത വഹിച്ചു.

മുൻ മേയർ അഡ്വ.ടി ഒ  മോഹനൻ യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി മാത്യു ,സുരേഷ് ബാബു എളയാവൂർ ,മുഹമ്മദ് പനക്കൽ , ഹബീബ് തമ്പി ,മുഞ്ഞനാട്ട് രാമചന്ദ്രൻ, എ ഡി സാബൂസ് , ജോസ് പൂമല , എം ഒ ചന്ദ്രശേഖരൻ , മാത്യു ചെറുപറമ്പിൽ ,രവി പോരുവളപ്പിൽ ,പി ഒ ചന്ദ്രമോഹൻ തുടങ്ങിയവർ  പ്രസംഗിച്ചു.

Tags