പ്രശസ്ത കർണാടക സംഗീതജ്ഞൻ ഡോ.രംഗനാഥ ശർമയുടെ പാട്ടിലലിഞ്ഞ് പെരുഞ്ചെല്ലൂർ
തളിപ്പറമ്പ് : ഭാവ രാഗ താളങ്ങളുടെ മറക്കാനാവാത്ത മറ്റൊരു സായാഹ്നം കൂടി ആസ്വാദകർക്ക് സമ്മാനിച്ചിരിക്കുകയാണ് പെരിഞ്ചല്ലൂർ സംഗീത സഭ. ലോക പ്രശസ്ത കർണാടക സംഗീതജ്ഞൻ ഡോ. ചേർത്തല കെ. എൻ. രംഗനാഥ ശർമ തൻ്റെ കലർപ്പില്ലാത്ത സാമ്പ്രദായിക ആലാപന രീതിയിലൂടെ മൂന്ന് മണിക്കൂർ നീണ്ട കച്ചേരിയിൽ സദസിനെ ഒരു വിശേഷ അനുഭൂതിയിലേക്ക് കൂട്ടികൊണ്ടുപോയി.
പെരിഞ്ചല്ലൂർ സംഗീത സഭയുടെ എഴുപത്തി നാലാമത്തെ സംഗീതപരിപാടിയാണ് തളിപ്പറമ്പ് പി.നീലകണ്ഠാ അയ്യർ സ്മാരക മന്ദിരത്തിൽ അരങ്ങേറിയത്. തോടി രാഗത്തിൽ ഏറാന പൈ എന്നു തുടങ്ങുന്ന പട്ടണം സുബ്രഹ്മണ്യ അയ്യർ ആദി താള വർണ്ണത്തോടെയാണ് കച്ചേരി ആരംഭിച്ചത്. തുടർന്ന് ഹംസധ്വനി രാഗത്തിൽ ഗം ഗണപതേ എന്ന കീർത്തനം.
തോടി രാഗത്തിലുള്ള ത്യാഗരാജ കൃതിയായ ‘കരുണജൂഡവമ്മ’ യാണ് മുഖ്യകൃതിയായി ആലപിച്ചത്. തൻ്റെ ഘനഗാംഭീര്യ ശാരീരത്തിലൂടെ തോടി രാഗത്തിൻ്റെ വ്യത്യസ്തഭാവങ്ങൾ ഒരു സ്വരചിത്രം പോലെ വരച്ചുവെയ്ക്കുകയായിരുന്നു ഡോ. കെ. എൻ. രംഗനാഥ ശർമ്മ.
ജനനീ നിനുവിനാ ( രീതിഗൗള രാഗം) മിശ്രചാപു താളം, സുബ്ബരായ ശാസ്ത്രി കൃതി, ഭുവിനി ദാസുഡനേ ( ശ്രീരഞ്ജിനി രാഗം) ആദിതാളം, ത്യാഗരാജ കൃതി, എന്നടു ജൂതുനു (കലാവതി രാഗം) ആദി താളം, ത്യാഗരാജ കൃതി എന്നിവയും ബാരോ കൃഷ്ണയ്യ -രാഗമാലിക , നാനാടി ബ്രതുകു (രേവതി രാഗം), ജമുനാ കിനാരേ ( പീലു രാഗം) എന്നിവയും ഡോ. രംഗനാഥ ശർമ്മ പാടി.
ആലംകോട് വി.എസ്. ഗോകുൽ വയലിനിലും പാലക്കാട് എ എം ഹരിനാരായണൻ മൃദംഗത്തിലും മികച്ച പിന്തുണ നല്കി. കലാകാരന്മാരെ സി. ജി. ഗോപനും, പ്രഭാകരനും ചേർന്ന് ആദരിച്ചു.