എരഞ്ഞോളിയിൽ ബോംബ് രാഷ്ട്രീയത്തെ വിമർശിച്ച സീനയെയും കുടുംബത്തെയും ഒറ്റപ്പെടുത്താൻ നീക്കം നടത്തുന്നതായി പരാതി
കണ്ണൂർ: കണ്ണൂരിൽ വയോധികൻ ബോംബു പൊട്ടിത്തെറിച്ചു മരിച്ച സംഭവത്തിൽ വിവാദ വെളിപ്പെടുത്തലുമായി രംഗത്തുവന്ന എരഞ്ഞോളി സ്വദേശിനിയായ സീന തനിക്കെതിരെ ഭീഷണിയുണ്ടെന്ന ആരോപണവുമായി വീണ്ടും രംഗത്തെത്തി. തന്നെയും കുടുംബത്തെയും ഒറ്റപ്പെടുത്താൻ നീക്കം നടക്കുന്നുവെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്.
താൻ പ്രതികരിച്ചതിന് പിന്നാലെ നാട്ടില്‍ ഒറ്റപ്പെടുത്തല്‍ തുടങ്ങിയെന്നും ആക്രമിക്കപ്പെട്ടേക്കാമെന്ന പേടിയുണ്ടെന്നും സീന മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എനിക്ക് എന്തും സംഭവിക്കാം. ആക്രമിച്ചേക്കാമെന്ന പേടിയുണ്ട്. എന്‍റെ വീട്ടുകാർക്കും എന്തും സംഭവിക്കാം. കഴിഞ്ഞ ദിവസം താൻ പ്രതികരിച്ചതിനുശേഷം വാർഡ്മെമ്പർ അടക്കം സിപിഎം പ്രവർത്തകർ വീട്ടിലെത്തി.
ഈ സമയം വീട്ടിൽ അമ്മയും അച്ഛനും മാത്രമാണ് ഉണ്ടായത്.
ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്നോടാണ് പറഞ്ഞു തീർക്കേണ്ടത്. അല്ലാതെ വീട്ടിൽ പോവുകയല്ല വേണ്ടത്. ഞാൻ ഒരു പാര്‍ട്ടിയെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ബോംബ് നിര്‍മാണത്തെക്കുറിച്ചാണ് പറഞ്ഞത്. നാട്ടില്‍ മനുഷ്യനായി സമാധാനത്തോടെ ജീവിക്കാൻ വേണ്ടിയാണ് തുറന്ന് പറഞ്ഞത്. കുഞ്ഞുങ്ങള്‍ക്ക് നാട്ടില്‍ കളിച്ചു നടക്കാനാകണം. ഇവിടെ ന്യൂ ഇയറിനടക്കം ബോംബ് പൊട്ടിച്ച് ആഘോഷിക്കുന്ന രീതിയുണ്ട്.
ആദ്യം മാന്യമായാണ് അവര്‍ സംസാരിച്ചത്. പക്ഷേ ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല. എന്നാൽ സീന മാധ്യമങ്ങളോട് ശക്തമായി പ്രതികരിച്ചതിനുപിന്നാലെ നാട്ടിൽ ഒറ്റപ്പെടുത്തൽ തുടങ്ങിയെന്നാണ് പരാതിപ്പെടുന്നത്.