എളയാവൂർ കുടുംബാരോഗ്യ കേന്ദ്രം മുണ്ടയാട് സബ് സെൻ്റർ ഉദ്ഘാടനം ചെയ്തു


കണ്ണൂർ: കണ്ണൂർ കോർപറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മുണ്ടയാട് ആരോഗ്യ ഉപകേന്ദ്രത്തിൻ്റെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ജീവിതശൈലി രോഗ നിയന്ത്രണത്തിന് പരിശോധനകൾ ആവശ്യമാണ്. എന്നാൽ യാത്ര ചെയ്യുന്നതിനും വരിനിൽക്കുന്നതിനും മടിച്ച് പലപ്പോഴും യഥാസമയം പരിശോധന നടത്താനോ ചികിത്സ തേടാനോ പലരും സന്നദ്ധരാകുന്നില്ല. ഫലമാകട്ടെ പല അസുഖങ്ങളും കണ്ടെത്തുന്നത് അതിൻ്റെ അവസാന ഘട്ടത്തിലുമാണ്. ഇതിനൊരു പരിഹാരമാണ് ഓരോ പ്രദേശങ്ങളിലും ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നത്.
ആരോഗ്യ ഉപകേന്ദ്രങ്ങൾ വഴി പരിശോധനകളും ചികിത്സ സൗകര്യങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുന്നു. കാൻസർ വിമുക്ത കോർപ്പറേഷൻ എന്ന പരിപാടിയുടെ ഭാഗമായി നാലാം ഘട്ട പരിശോധന ക്യാമ്പുകൾ നടന്നു വരികയാണ്. ഈ ക്യാമ്പുകൾ രോഗം വന്നവരെ ഉദ്ദേശിച്ചിട്ടുള്ളതല്ല. ആരോഗ്യമുള്ളവർ പരിശോധന നടത്തി രോഗാവസ്ഥ കണ്ടു പിടിക്കുന്നതിനാണ്. ഡയാലിസിസ് ചെയ്യപ്പെടേണ്ടുന്ന അവസ്ഥ പോലും മനസ്സിലാകുന്നത് ഒരാളുടെ രണ്ട് കിസ്നികളും പ്രവർത്ത രഹിതമാണ് എന്നറിയുമ്പോഴാണ് .
യഥാസമയങ്ങളിലുള്ള ആരോഗ്യ പരിശോധനയും, നല്ല ആഹാര ശീലങ്ങളും വ്യായാമവും ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കുമെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.കെ ശ്രീലത, ഷാഹിന മൊയ്തിൻ കൗൺസിലർമാരായ എൻ ഉഷ , കെ.പി. അബ്ദുൽ റസാഖ്, ധനേഷ് മോഹൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി കെ പ്രദീപൻ,വെള്ളോറ രാജൻ, കൊളേക്കര മുസ്തഫ ,സുജീഷ് കെ.കെ മെഡിക്കൽ ഓഫീസർ ബിന്ദു വി.ബി, ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്. എന്നിവർ സംസാരിച്ചു.
