പട്രോളിങ് നടത്തുകയായിരുന്ന എടക്കാട് പൊലീസിന്റെ ജീപ്പ് തകർത്ത നാലംഗ സംഘം അറസ്റ്റിൽ

A four-member gang was arrested after vandalizing the Edakkad police jeep which was on patrol

കണ്ണൂർ : എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ  പൊതുവാച്ചേരി ഭാസ്കരൻ കടയ്ക്കു സമീപമുള്ള റോഡിൽ രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന എടക്കാട് പൊലിസിൻ്റെ ജീപ്പിനുനേരെ ബിയർ കുപ്പി എറിയുകയും വടിവാൾ വീശുകയും പൊലിസുകാരെ ആക്രമിക്കുകയും ചെയ്ത മയക്കുമരുന്ന് ക്വട്ടേഷൻ സംഘത്തെ പയ്യന്നൂരിലെ ലോഡ്ജിൽ നിന്നും കണ്ണൂർ ടൗൺ  പൊലിസ്  പിടികൂടി. 

മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള  നിരവധി കേസുകളിലെ പ്രതികളായ പൊതുവാച്ചേരിയിലെ പട്ടേറത്ത് റഹീം (32) ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ടെ ഒളവണ്ണ യിലെ നവീൻ എന്ന ബോണി (34) കണ്ണൂർ സിറ്റി സ്വദേശിയായതയ്യിലിലെ ഷാനിദ് (33),കോഴിക്കോട് കോട്ടുളി  സ്വദേശി നിഥിൻ (34) എന്നിവരാണ് അറസ്റ്റിലായത് .

 ചക്കരക്കൽ സി.ഐ. ശ്രീജിത്ത് കോടെ രിയാണ് നാലുപേരുടയും അറസ്റ്റു രേഖപ്പെടുത്തിയത് റഹിമിന്റെ അനുജൻ മുനീറും ഇവർക്കൊപ്പം പിടിയിലായിരുന്നുവെങ്കിലും ഇയാളെ കണ്ണൂർ ടൗൺ പൊലീസ് മറ്റൊരു വാറൻഡ് പ്രകാരം അറസ്റ്റു ചെയ്തിട്ടുണ്ട്. കാപ്പ കേസിൽ ഉൾപ്പെട്ട മയക്കുമരുന്ന് ക്വട്ടേഷൻ നേതാവാണ് റഹീമെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് പൊതുവാച്ചേരിയിലെ റഹീമിന്റെ വീട്ടു പരിസരത്ത് വെച്ചു റഹീമും ഇയാൾ നിയോഗിച്ച ക്വട്ടേഷൻ ടീമും പൊലിസ് വാഹനത്തെ അക്രമിച്ചത്. എടക്കാട് സ്റ്റേഷനിലെ പൊലീസുകാരായ ലവൻ, അനിൽ, അജേഷ് എന്നിവർക്ക് പരുക്കേറ്റിരുന്നു. പൊലിസ് ജീപ്പിന്റെ ചില്ലു തകർക്കുകയും ചെയ്തിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് റഹീമിന്റെ വീട് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം നേരത്തെ കണ്ടുകെട്ടിയതാണ്. 

പൊതുവാച്ചേരിയിലെ ഇതേ വീട്ടിൽ വീണ്ടും റഹീമിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് ഇടപാട് നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് പൊലിസ് രാത്രികാല പട്രോളിങിന്റെ ഭാഗമായി ഇവിടെനിരീക്ഷണത്തിനെത്തിയതായിരുന്നു. കർണാടക രജിസ്ട്രേഷനുള്ള കാറിലെത്തി റഹിമും കൂട്ടാളികളും പൊലീസിനെ അക്രമിക്കുകയായിരുന്നു. കണ്ണൂർ എ സി പി ടി.കെ രത്ന കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേകം സംഘം രൂപീകരിച്ചാണ് പ്രതികൾക്കായി അന്വേഷണം വ്യാപിച്ചിരുന്നത്. 

കണ്ണൂർ ടൗൺ സി.ഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് പയ്യന്നുരിൽ പ്രതികളെ അറസ്റ്റു ചെയ്തത്. റഹിമിനും കൂട്ടാളി നവീനുമെതിരെ നിലവിൽ കാപ്പ കേസുണ്ട്. 23 കേസുകളിൽ പ്രതിയാണ് റഹീമെന്ന് പൊലിസ് പറഞ്ഞു. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ യുവാക്കളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം.
 

Tags