കണ്ണൂർ പാനൂരിൽ വിദ്യാർത്ഥികളെ വലയിലാക്കാൻ മയക്കുമരുന്ന് റാക്കറ്റ് ; വീര്യം കൂട്ടാൻ എം.ഡി.എം.എയ്ക്കു മേലെ മധുരമുള്ള ജ്യൂസും

mdma

കണ്ണൂർ : കണ്ണൂർ ജില്ലയിലെ പാനൂർ മേഖലയിലെ പ്രദേശങ്ങളിൽ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം വ്യാപകമാകുന്നതായി എക്സൈസ് റിപോർട്ട്.

എം ഡി എം എയും കൂടെ നല്ല മധുരത്തിൽ ഒരു ജ്യൂസും  കുടിച്ചു ലഹരിയുടെ തീവ്രത വർദ്ധിക്കുന്നതാണ് പുതിയ രീതിയെന്ന് എക്സൈസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പാനൂർ മേഖലയിൽ ദുരൂഹ  സാഹചര്യത്തിൽ ചില യുവാക്കൾ മരണമടഞ്ഞതിന് പിന്നിൽ ഇത്തരം ലഹരി അമിതമായി ഉപയോഗിക്കുന്നുണ്ടെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പാനൂർ പുത്തൂരിൽ നിന്നും പുകവലി ചോദ്യം ചെയ്ത നാട്ടുകാരെ അക്രമിക്കാൻ പ്ലസ്ടു വിദ്യാർത്ഥികൾ വന്നത് മാരകായുധങ്ങളുമായിട്ടായിരുന്നു. കയ്യിൽ നിന്നും ആയുധം തട്ടിത്തെറിപ്പിച്ച് പ്രദേശവാസികൾ  ഇവരെ തള്ളിപ്പറഞ്ഞയച്ചിരുന്നു.

എന്നാൽ സംഭവത്തിൽ വിദ്യാർത്ഥിയുടെ പരാതിയിൻമേൽ പാനൂർ പോലീസ് കേസെടുത്തിട്ടുമുണ്ട്. ആദർശ് ലാൽ, അനിൽ,വരുൺ, രാജീവൻ തുടങ്ങി കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ആയുധം അടക്കം അക്രമിക്കാനെത്തിയ വിദ്യാർത്ഥിക്കെതിരെ ഒരു നടപടിയുമെടുക്കാത്തതിൽ നാട്ടുകാരിൽ വലിയ പ്രതിഷേധവുമുയരുന്നുണ്ട്.

ഡിസംബറിൽ നടന്ന സ്കൂൾ കലോത്സവത്തിൽ കൊളവല്ലൂർ ഹയർ സെക്കണ്ടറിയിലെയും , പാനൂരിലെയും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷവും, കലാധ്യാപകന് ക്രൂരമായ മർദ്ദനവുമേറ്റ സംഭവമുണ്ടായിരുന്നു. ഇതിനു പിന്നിൽ ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥികളായിരുന്നവെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.

ബാംഗ്ളൂർ മേഖലയിൽ നിന്ന് പാനൂരിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന  വൻമയക്കുമരുന്ന് റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവർ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു വിദ്യാർത്ഥികളെ ലഹരിക്കടിമകളാക്കുന്നുവെന്നാണ് എക്സൈസ് റിപ്പോർട്ട്.

Tags