അഞ്ഞൂറിന്റെ കള്ളനോട്ടുകളുമായി മെക്കാനിക്കിന് പിന്നാലെ പടന്നയിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഇൻസ്ട്രക്ടറായ യുവതിയും പിടിയില്‍

google news
arrest

ചീമേനി: അഞ്ഞൂറിന്റെ കള്ളനോട്ടുകളുമായി പയ്യന്നൂർ സ്വദേശിയായ വാഹന മെക്കാനിക്ക് അറസ്റ്റിലായതിനു പിന്നാലെ പടന്നയിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഇൻസ്ട്രക്ടറായ യുവതിയും പിടിയിൽ . ഇതോടെ  കള്ളനോട്ട് ഇടപാടില്‍ കണ്ണൂർ, കാസർകോട് ജില്ലകളിലെ കള്ളനോട്ട് ഇടപാട് സംഘത്തിലെ നിരവധി പേർ  കുടുങ്ങുമെന്ന് ഉറപ്പായി.

പിടിയിലായ യുവതി പ്രധാന കാരിയർ ആണെന്നാണ് സൂചന.പടന്നയിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഇൻസ്ട്രക്ടർ പാടിയോട്ടുചാല്‍ ഏച്ചിലംപാറ സ്വദേശിനി പി.ശോഭ (45)യെ കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ എം. സവ്യസാചിയും സംഘവുമാണ് പിടികൂടിയത്. 

 
ചീമേനിയിലെ തുറന്ന ജയിലിന്റെ പെട്രോള്‍ പമ്ബില്‍ ബുധനാഴ്ചയും അതിന് മുമ്പുള്ള ദിവസവും യുവതി നല്‍കിയ അഞ്ഞൂറിന്റെ കള്ളനോട്ട് പമ്പ്  ജീവനക്കാരും ജയില്‍ അധികൃതരും പിടികൂടിയിരുന്നു. വിവരം അറിയിച്ചത് പ്രകാരം ചീമേനി ഇൻസ്പെക്ടർ സലീമും സംഘവും എത്തി യുവതിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. രണ്ടാം തവണയും പമ്പിൽ  കള്ളനോട്ട് നല്‍കിയ യുവതി ജീവനക്കാരുടെ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞദിവസം പയ്യന്നൂർ കണ്ടോത്ത് കൂറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയല്‍ സ്വദേശിയും ചെറുവത്തൂരില്‍ വാഹനമെക്കാനിക്കുമായ എം.എ.ഷിജു (36) വിനെ കാള്‍ടെക്സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറില്‍ അഞ്ച് അഞ്ഞൂറിന്റെ കള്ളനോട്ട് നല്‍കിയ സംഭവത്തില്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് ശോഭയാണ് രണ്ടായിരം രൂപയുടെ നോട്ടിന് അഞ്ഞൂറിന്റെ നോട്ടുകള്‍ നല്‍കിയതെന്ന് മൊഴി നല്‍കിയത്. ഇയാള്‍ റിമാൻഡില്‍ കഴിയുകയാണ്. 

ഷിജുവിന്റെ മൊഴിയെ തുടർന്ന് കണ്ണൂർ ടൗണ്‍ പൊലീസ് ചീമേനിയില്‍ എത്തി യുവതിയുമായി പാടിയോട്ടുചാലിലെ വീട്ടില്‍നടത്തിയ പരിശോധനയില്‍ ശോഭയുടെ പങ്ക് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവത്തിന് പിന്നില്‍ വൻ റാക്കറ്റുകളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. യുവതിയും മെക്കാനിക്കും ചെറുവത്തൂർ, പടന്ന ഭാഗങ്ങളില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്തതായി പറയുന്നുണ്ട്.കള്ളനോട്ട് ഇടപാടിലെ പ്രധാന സൂത്രധാരന്മാർ ചെറുവത്തൂർ, പടന്ന കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്നവരാണെന്നാണ് ലഭിച്ച വിവരം  .

Tags