കാട്ടാമ്പള്ളി പദ്ധതിയുടെ കുടിവെള്ള സ്രോതസ്
കണ്ണൂർ : കാട്ടാമ്പള്ളി പദ്ധതിയുടെ കുടിവെള്ള സ്രോതസായി മാറിയിരിക്കുകയാണ് നവീകരിച്ച കാട്ടാമ്പള്ളി ചിറ. 30 മീറ്റർ നീളവും19 മീറ്റർ വീതിയുമുള്ള കുളത്തിന് 2.5 ലക്ഷം ലിറ്ററിൽ അധികം സംഭരണ ശേഷിയുണ്ട്.
ദീർഘ കാലമായി സംരക്ഷണ പ്രവർത്തനങ്ങൾ ഇല്ലാത്തതിനാൽ നാശോന്മുഖമായ അവസ്ഥയിലായിരുന്ന കാട്ടാമ്പള്ളി ചിറക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ തുക വകയിരുത്തുകയായിരുന്നു. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കിയ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 40 ലക്ഷം രൂപയാണ് വകയിരുത്തിയത്. രണ്ടാം ഘട്ടത്തിൽ ചിറ നവീകരണത്തിന്റെ പൂർത്തീകരണത്തിന് 50 ലക്ഷം രൂപ വകയിരുത്തി പണി പൂർത്തീകരിച്ചു.
രണ്ട് ഘട്ടങ്ങളിലായി 78,48,755/- രൂപയാണ് (ജി എസ് ടി ഉൾപ്പെടെ എൽ എസ് ജി ഡി എഞ്ചിനീയറിങ് വിംഗ് മുഖേന ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ഈ പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. ചിറയുടെ സംരക്ഷണം കൂടാതെ പ്രദേശ വാസികൾക്ക് സായാഹ്നം ചെലവഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയാണ് പദ്ധതി പൂർത്തീകരിച്ചത്.