ഡോ. ടി.എം സുരേന്ദ്രനാഥിന് കെ പി എ റഹീം മാസ്റ്റർ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാരം

google news
Dr. KPA Rahim Master Memorial Karma Shrestha Award to TM Surendranath

കണ്ണൂർ : ഗാന്ധി യുവമണ്ഡലം സംസ്ഥാന പ്രസിഡണ്ടും പ്രമുഖ ഗാന്ധിയനുമായിരുന്ന കെ പി എ റഹീം മാസ്റ്ററുടെ സ്മരണക്കായി ഗാന്ധി യുവമണ്ഡലം ഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് സർവോദയ മണ്ഡലം കാസർകോട് ജില്ലാ പ്രസിഡണ്ട് ഡോ. ടി.എം സുരേന്ദ്രനാഥിനെ തെരഞ്ഞെടുത്തതായി ഗാന്ധി യുവമണ്ഡലം സെക്രട്ടറി റഫീക്ക് പാണപ്പുഴ അറിയിച്ചു. 

സർവോദയ  മണ്ഡലം ജില്ല പ്രസിഡണ്ട് പവിത്രൻ കൊതെരി,  ഗാന്ധി യുവമണ്ഡലം പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി , സഞ്ജയ് പി  പാലായി എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം റഹിം മാസ്റ്ററുടെ ചരമദിനമായ ജനുവരി 13 ന് രാവിലെ 10 മണിക്ക് നീലേശ്വരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ  കണ്ണൂർ സർവ്വകലാശാല മുൻ പരീക്ഷ കൺട്രോളറും നീലേശ്വരം നഗരസഭ മുൻ ചെയർമാനുമായ ഡോ. കെ പി ജയരാജ് സമ്മാനിക്കും.

പൊതുപ്രവർത്തന രംഗത്ത് 50 വർഷം പിന്നിടുന്ന ഡോ. ടി.എം സുരേന്ദ്രനാഥ് മദ്യനിരോധന സമിതി,  ശാസ്ത്ര, കാൻഫെഡ് , തുടങ്ങിയ സംഘടനകളുടെയും ഭാരവാഹിയാണ്.കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ റിട്ട. അധ്യാപകനാണ്. എൻഡോസൾഫാൻ വിരുദ്ധ സമരം,  കർഷകസമരം , പരിസ്ഥിതി സംരക്ഷണ സമരം , ഭൂ സമരം ,തുടങ്ങിയ നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 

കോളേജ് അധ്യാപക സമയത്ത് മികച്ച നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) ഓഫീസർക്കുള്ള സംസ്ഥാനതല പുരസ്കാരം നേടിയിട്ടുണ്ട്. ഗാന്ധിയൻ ദർശനങ്ങളുമായി ബന്ധപ്പെടുത്തി രണ്ടു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഗാന്ധിയനായ ഡോ. സുരേന്ദ്രനാഥ് കാലിക്കറ്റ് സർവകലാശാല,  കേരള സർവ്വകലാശാല തുടങ്ങിയവ സംഘടിപ്പിച്ച ഗാന്ധിയൻ സെമിനാറിൽ പ്രബന്ധങ്ങൾ നടത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ കാങ്കോൽ ആലപ്പടമ്പ് സ്വദേശിയായ ഡോ. സുരേന്ദ്രനാഥ് ഇപ്പൊൾ നീലേശ്വരത്താണ് താമസം.

Tags