തലശ്ശേരിയിലെ പുതിയ ഡബിൾഡക്കർ ബസ് ഓട്ടം നിർത്തി

Thalassery can now be seen through the double decker; KSRTC with budget tourism plan
Thalassery can now be seen through the double decker; KSRTC with budget tourism plan

കണ്ണൂർ : യാത്രക്കാരില്ലാത്തതിനാല്‍  തലശ്ശേരിയിലെ  കെ.എസ്.ആര്‍.ടി.സി.യുടെ ഡബിള്‍ഡക്കര്‍ ബസ് ഓട്ടം നിര്‍ത്തി. ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തുനിന്ന് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരി 22-ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാറും സ്പീക്കര്‍ എ.എന്‍.ഷംസീറും യാത്ര ചെയ്താണ് ഉദ്ഘാടനം ചെയ്തത്.

 മാര്‍ച്ച് ആദ്യവാരം തലശ്ശേരി കാര്‍ണിവല്‍ വരെ യാത്രക്കാരുണ്ടായിരുന്നു. ഇതിനുശേഷം യാത്രക്കാര്‍ കുറഞ്ഞു. ഇതോടെയാണ് ഓട്ടം നിര്‍ത്തിയത്. ആളുകള്‍ മുന്‍കൂട്ടി ആവശ്യപ്പെടുന്ന പ്രകാരം വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് യാത്ര. 40 ആളുകള്‍വരെ ഉണ്ടെങ്കില്‍ മാത്രമേ ബസ് ഓടൂ.

ഒരാള്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങി എട്ടരയ്ക്ക് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര. ഉച്ചയ്ക്കുള്ള കഠിനമായ ചൂട് യാത്രയെ ബാധിച്ചു. ചൂടിന് യാത്രചെയ്യാന്‍ ആളുകള്‍ക്ക് താത്പര്യമില്ല. ഇപ്പോള്‍ മൂന്നും നാലും ആളുകള്‍ മാത്രമാണ് യാത്രയ്ക്കുണ്ടാകുന്നത്. 

മൂന്നുപേര്‍ക്ക് മാത്രം ബസ് ഓടിയാല്‍ നഷ്ടമാകും. ചൂട്മാറി മഴ വന്നാല്‍ മുകള്‍ഭാഗത്ത് മേല്‍ക്കൂരയില്ലാത്തതിനാലും യാത്ര ബുദ്ധിമുട്ടാകും. തിരുവവന്തപുരത്തും കൊച്ചിയിലും മാത്രം കാണുന്ന ഡബിള്‍ഡക്കര്‍ തലശ്ശേരിയിലെത്തിയപ്പോള്‍ ആളുകള്‍ക്ക് കൗതുകമായിരുന്നു. ബസിന്റെ താഴത്തെ നിലയില്‍ 28 ആളുകള്‍ക്ക് ഇരിക്കാനുളള സീറ്റും രണ്ട് മേശയുമുണ്ട്.

മുകളിലത്തെ നിലയില്‍ 21 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുന്‍കൈയെടുത്താണ് ബസ് തലശ്ശേരിയിലെത്തിച്ചത്. തലശ്ശേരി ഡിപ്പോയില്‍നിന്ന് തുടങ്ങി ഇല്ലിക്കുന്ന് ഗുണ്ടര്‍ട്ട് ബംഗ്ലാവ്, കോടതി, ഓവര്‍ബറീസ് ഫോളി, കോട്ട, ഗോപാലപ്പേട്ട വഴി മാഹിയിലെത്തും.

മാഹി ബസിലിക്ക പള്ളി, മാഹി പുഴയോര നടപ്പാതയില്‍നിന്ന് ബൈപ്പാസിലൂടെ മുഴപ്പിലങ്ങാട് ബീച്ച് സന്ദര്‍ശിച്ച് തലശ്ശേരി വരെയാണ് യാത്ര. 40 പേര്‍ ആവശ്യപ്പെട്ടാല്‍ യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ തയ്യാറാണ്.
 

Tags