അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു : മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ ജില്ലാ ആശുപത്രികളിൽ ലഭ്യമാക്കിയെന്ന് മന്ത്രി വീണ ജോർജ്
കണ്ണൂർ:മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും മാത്രമായിരുന്ന ചികിത്സാ സൗകര്യങ്ങൾ ഇന്ന് ഗവ. ജില്ലാ ആശുപത്രികളിൽ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ 2022ൽ കാത്ത് ലാബ് യാഥാർഥ്യമായത് ഇതിന് തെളിവാണ്.
അഞ്ചരക്കണ്ടി കുടുംബാരോഗ്യകേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ എംഎൽഎ എഡിഎസ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഫിസിയോ തെറാപ്പി കെട്ടിടത്തിന്റെയും ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കോൺഫറൻസ് ഹാൾ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ലാബ്, ഫിസിയോതെറാപ്പി ഉൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യ രംഗം കഴിഞ്ഞ എട്ടുവർഷം കൊണ്ട് വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
മെഡിക്കൽ കോളേജുകളിൽ ഏറ്റവും പുതിയ ചികിത്സാ സംവിധാനമാണ് ഒരുക്കുന്നത്. തലശ്ശേരി മലബാർ കാൻസർ സെന്ററിൽ, ക്യാൻസർ വന്ന ഭാഗത്ത് മാത്രം റേഡിയേഷൻ നൽകി ചികിത്സ നൽകുന്നു.
രോഗത്തിന് ചികിത്സ നൽകുന്നതിനപ്പുറം രോഗാതുരത കുറയ്ക്കുകയാണ് ലക്ഷ്യം. ജീവിതശൈലി രോഗങ്ങൾ വെല്ലുവിളിയാകുമ്പോഴും അതിന്റെ തോത് കുറയ്ക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ മരണ നിരക്ക് ലോകത്തിൽ 95 ശതമാണെങ്കിൽ കേരളത്തിലിത് 25 ശതമാനം മാത്രമാണ്.
മെച്ചപ്പെട്ട ആരോഗ്യ സംവിധാനം കേരളത്തിൽ ഉള്ളതുകൊണ്ടാണിതെന്നും മന്ത്രി പറഞ്ഞു. 19.75 കോടി രൂപയിൽ പിണറായിയിൽ നിർമ്മിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ആരോഗ്യമേഖലയിലെ പുതിയ കാൽവെപ്പാകുമെന്നും മന്ത്രി പറഞ്ഞു.
അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയോഗിക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ആരോഗ്യരംഗത്തെ വളർച്ചക്ക് കാരണം പൊതുജനാരോഗ്യ പ്രവർത്തകരുടെ മികവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാപഞ്ചായത്തും അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ 'സ്ത്രീപദവി പഠനം' പുസ്തകപ്രകാശനവും മന്ത്രി നിർവഹിച്ചു. കണ്ണാടിവെളിച്ചം ബഡ്‌സ് സ്‌കൂളിലെ വിദ്യാർഥികൾ നിർമ്മിച്ച ഉപഹാരം കുട്ടികൾ മന്ത്രിക്ക് കൈമാറി.
അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷൻ അധ്യക്ഷനായി. എൽ.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഝാൻസി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.എം മോഹനൻ, എം രമേശൻ, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് അംഗം കെ.കെ റീന, ഡിഎംഒ ഡോ. എം. പിയൂഷ്, ഡെപ്യൂട്ടി ഡിഎംഒ കെ.ടി രേഖ, മെഡിക്കൽ ഓഫീസർ ഡോ. ജസ്ന, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ, ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ.സി.പി ബിജോയ്, സി.എച്ച്.സി ഇരിവേരി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. കെ. മായ, അഞ്ചരക്കണ്ടി എഫ്.എച്ച്. സി ഹെൽത്ത് ഇൻസ്‌പെക്ടർ സി.സി രാജേഷ്, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എം മാത്യു, ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.