മാലിന്യം തള്ളിയതിന് ധർമ്മടം ബീച്ച് പാർക്ക് നടത്തിപ്പുകാരന് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴയിട്ടു

Enforcement Squad fines Dharmadam Beach Park operator for littering
Enforcement Squad fines Dharmadam Beach Park operator for littering

തലശേരി: ധർമ്മടം ബീച്ച് പാർക്കിൽ മാലിന്യം കൂട്ടിയിട്ടതിന് പിഴ ചുമത്തി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ധർമ്മടം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഡിടിപിസിയുടെ അധീനതയിലുള്ള ധർമ്മടം ബീച്ച് പാർക്കിൻ്റെ നടത്തിപ്പുകാരനായ ഷമീറിന് 5000 രൂപ പിഴ ചുമത്തിയത്. 

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ബീച്ച് ഫെസ്റ്റിന്റെ മാലിന്യങ്ങൾ ഉൾപ്പെടെ തരം തിരിക്കാതെ അലക്ഷ്യമായി കൂട്ടിയിട്ടതിനാണ് പിഴ ചുമത്തിയത്. ഏഴു ദിവസത്തിനകം മാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമ്മ സേനയ്ക്കോ അംഗീകൃത ഏജൻസികൾക്കോ നൽകാനും സ്ക്വാഡ് നിർദ്ദേശിച്ചു. 

ബീച്ചിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ മാലിന്യം തരംതിരിച്ച് സൂക്ഷിക്കാനുള്ള കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്താനും സ്ക്വാഡ് നിർദ്ദേശം നൽകി. അറ്റകുറ്റപണികൾ നടത്തിയതിൻ്റെ ടിൻഷീറ്റുകൾ അടക്കമുള്ള കൂട്ടിയിട്ട മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഡിടിപിസിക്ക് നിർദ്ദേശം നൽകുമെന്നും എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അറിയിച്ചു. 

പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷരീകുൽ അൻസാർ, ധർമ്മടം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്യാംലാൽ എന്നിവർ പങ്കെടുത്തു

Tags