നിക്ഷേപിച്ച തുക തിരിച്ച് കിട്ടുന്നില്ല ; കണ്ണൂരിൽ കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിന് മുന്നിൽ ജനകീയ ധർണ്ണ 23 ന്
ഇരിട്ടി: ലക്ഷങ്ങൾ നിക്ഷേപിച്ച നിക്ഷേപകരുടെ തുക നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരിച്ചു നല്കാത്തതിനെത്തുടർന്ന് സി പി എം ഭരിക്കുന്ന കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിന് മുന്നിൽ ജനകീയ ധർണ്ണയുമായി ആക്ഷൻ കൗൺസിൽ. നിക്ഷേപകരുടെ നിക്ഷേപം എത്രയും പെട്ടെന്ന് തിരികേ നൽകുക, സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിൽ തിരിമറി നടത്തിയത് അന്വേഷിക്കുക, കുടുംബശ്രീ നിക്ഷേപങ്ങൾ അടിയന്തിരമായി തിരികേ നൽകുക, മരണപ്പെട്ടവരുടെ പേരിൽ പോലും എടുത്ത ബിനാമി ലോണുകളെക്കുറിച്ച് സത്വരമായ അന്വേഷണം നടത്തുക, കുറ്റക്കാരായ ജീവനക്കർക്കും ഭരണസമിതി അംഗങ്ങൾക്കുമെതിരേ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 23 ന് ബാങ്കിന്റെ ഹെഡ് ഓഫിസിനു മുന്നിൽ നിക്ഷേപകർ ജനകീയ ധർണ്ണ നടത്തുക. ധർണ്ണ ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്‌ഘാടനം ചെയ്യും.
പതിനഞ്ച് കോടിയോളം രൂപയുടെ ആസൂത്രിത കൊള്ളയാണ് ബാങ്കിൽ നടന്നിട്ടുള്ളതെന്നാണ് ബാങ്കിൽ ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടുള്ള മാത്യൂ പൗവ്വത്തിക്കുന്നേൽ, എളാട്ട് വീട്ടിൽ ഇ.കെ. ബാലൻ, കീച്ചപ്പള്ളിൽ കെ.വി. എബ്രഹാം, ചക്കാലക്കൽ ഡേവിഡ് പീറ്റർ, ജയിസ് ഇളംപള്ളൂർ, രഞ്ജി അറബി എന്നിവർ പറയുന്നത്. മരിച്ച ആളെപ്പോലും ജാമ്യക്കാരനാക്കിയും , യഥാർത്ഥ മെമ്പർമാർ അറിയാതെ അവരുടെ പേരിൽ ലോണുകളെടുത്തുമാണ് ഏറെയും തട്ടിപ്പുകൾ നടന്നിരിക്കുന്നതെന്നും ഇതിനെതിരെ തങ്ങളുടെ നിക്ഷേപങ്ങൾ തിരിച്ചു കിട്ടും വരെ ശക്തമായ നിയമ പോരാട്ടം നടത്തുമെന്നും ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറഞ്ഞു.