വളപട്ടണത്തും കൊച്ചി മോഡല്‍ പണപ്പിരിവ് നടത്തിയ പൊലിസുകാര്‍ക്കെതിരെ വിജിലന്‍സ് വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തു ​​​​​​​

Police
Police

വളപട്ടണം: വളപട്ടണം പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊച്ചി മോഡലില്‍  മണല്‍ മാഫിയയില്‍ നിന്നും കൈക്കൂലിവാങ്ങി റെയ്ഡുവിവരം ചോര്‍ത്തിക്കൊടുത്ത  യുവ എസ്. ഐയുള്‍പ്പെടെയുളള പൊലിസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലന്‍സ്  ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയ്തു.

 കണ്ണൂര്‍വിജിലന്‍സ്  ഡി.വൈ. എസ്.പി  മധുസൂദനന്‍ നായരുടെ  നേതൃത്വത്തില്‍  എ. എസ്. ഐമാരായ എന്‍.കെ ഗിരീഷ്,വി.നിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം മിന്നല്‍ പരിശോധന നടത്തിയത്.  വളപട്ടണം സ്‌റ്റേഷന്‍ പരിധിയിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് മണല്‍മാഫിയാ സംഘങ്ങളുമായി സാമ്പത്തികബന്ധങ്ങള്‍ ഉണ്ടെന്ന വിവരം വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പൊലിസുകാര്‍ മണല്‍ കടത്തിന് ഒത്താശ ചെയ്യുന്നതിനായി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് വിവരം.  

 മണല്‍ കടത്തിന് ഗൂഗിള്‍ പേ വഴി പൊലീസ് കൈക്കൂലി വാങ്ങിയെന്ന വവിജിലന്‍സ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്.  വളപട്ടണം എഎസ്ഐ അനിഴനെതിരെയാണ് വിജലന്‍സ് കണ്ടെത്തല്‍. മണല്‍ കടത്തുമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയുടെ വിവരം ചോര്‍ത്തി നല്‍കി മണല്‍ മാഫിയയില്‍ നിന്നും പണം വാങ്ങിയെന്നാണ് കണ്ടെത്തിയത്. ഇയാള്‍ കൈക്കൂലി ഗൂഗിള്‍ പേ വഴി വാങ്ങിയ തെളിവുകള്‍ ലഭിച്ചതായുംവിജിലന്‍സ് സംഘം അറിയിച്ചു.

മണല്‍വാരാന്‍ ഉപയോഗിക്കുമ്പോള്‍ പിടിച്ചെടുത്ത ബോട്ടുകള്‍ മോട്ടോറുകള്‍ പൊലീസ് വില്‍പ്പന നടത്തിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടുണ്ട്. വില്‍പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളപട്ടണത്തെ എസ്. ഐ മറ്റൊരു എ. എസ്. ഐയോട് സംസാരിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. 

 വളപട്ടണം സ്റ്റേഷനെ സംബന്ധിച്ച് സമാനമായ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ പരിശോധന. സ്റ്റേഷനിലെ കൂടുതല്‍ രേഖകള്‍ പരിശോധിക്കുകയും സിഐ, എസ്ഐ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. 

ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയിട്ടും തങ്ങള്‍ക്കെതിരെ റെയ്ഡ് നടത്തുന്നതില്‍ പ്രതിഷേധിച്ചു മണല്‍ മാഫിയയിലെ ചിലരാണ്  വിജിലന്‍സിന് പരാതി നല്‍കിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

Tags