കേന്ദ്രത്തിനെതിരെ ഡൽഹിയിലെ സമരത്തിൽ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കണ്ണൂർ ജില്ലയില്‍ 96 കേന്ദ്രങ്ങളില്‍ സി പി എം ബഹുജന സദസ്സ് നടത്തും

ldf press

കണ്ണൂർ: കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ ഫെബ്രുവരി 8 ന് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ജില്ലയില്‍ 96 കേന്ദ്രങ്ങളില്‍ ബഹുജന സദസ്സ് നടത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും എംപി-എംഎല്‍എമാരുമാണ് ഡല്‍ഹി ജന്തര്‍മന്തറില്‍ സത്യാഗ്രഹം നടത്തുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഇത്തരമൊരു സമരത്തിനിറങ്ങുന്നതെന്നും സമരസന്ദേശം ബഹുജനങ്ങളിലെത്തിക്കുന്നതിന് ഫെബ്രുവരി 5 വരെ നടത്തുന്ന ഗൃഹസന്ദര്‍ശനം ഇന്ന് ആരംഭിക്കുമെന്നും ഭാരവാഹികൾ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കടുത്ത അവഗണനയും രാഷ്ട്രീയപക്ഷപാതിത്വവുമാണ് കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത്. ഫെഡറല്‍ വ്യവസ്ഥയനുസരിച്ച് മുന്നോട്ടുപോകുന്ന രാജ്യമാണ് ഇന്ത്യ. ശക്തമായ കേന്ദ്രവും സുശക്തമായ സംസ്ഥാനവും എന്നതാണ് ഇതിന്‍റെ അടിസ്ഥാനം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായും ഭരണപരമായും സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ്. അതില്‍ തന്നെ കേരളത്തോട് രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായ സമീപനവും സ്വീകരിക്കുന്നു. 

ധന ഉത്തരവാദിത്വ നിയമത്തിന്‍റെയും ഭരണഘടന നിര്‍ദേശങ്ങളുടെയും ഭാഗമായി സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വിഹിതവും അര്‍ഹതപ്പെട്ട വായ്പയും ഗ്രാന്‍റും ജി.എസ്.ടി. നഷ്ടപരിഹാരവും വെട്ടിക്കുറക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ അര്‍ഹതപ്പെട്ട 57400  കോടി രൂപയാണ് കേരളത്തിന് നിഷേധിച്ചത്. ഇതിനുപുറമേ വായ്പ എടുക്കാനുള്ള പരിധി വെട്ടിക്കുറക്കുകയും ചെയ്യുന്നു. ഇത് സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളെയും ക്ഷേമപ്രവര്‍ത്തനങ്ങളെയും തടയാന്‍ വേണ്ടിയാണെന്ന് വ്യക്തമാണ്. 

കേന്ദ്രം സഹായം നല്‍കുന്ന പദ്ധതികളുടെ കേന്ദ്രവിഹിതം വന്‍തോതില്‍ കുടിശ്ശികയാണ്. ഈ ഇനത്തില്‍ മാത്രം 4200 കോടിയിലധികം കേന്ദ്രം തരാനുണ്ട്. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിന് സഹായമിനത്തില്‍  579 കോടി കുടിശ്ശികയാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിന്‍റെ എത്രയോ കുറവാണ് കേരളത്തിന് നല്‍കുന്ന നികുതി വിഹിതം  മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്നതിന്‍റെ ഇരട്ടിയിലധികം അത്തരം സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുമ്പോള്‍ കേരളത്തിന് പിരിച്ചെടുക്കുന്നതിന്‍റെ നാലിലൊന്ന് മാത്രമേ തരുന്നുള്ളൂവെന്നും  വിവേചനത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും ഭാരവാഹികൾ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് പകപോക്കല്‍ സമീപനം സ്വീകരിക്കുമ്പോള്‍ കേരളത്തിലെ യുഡിഎഫ് അതിനെതിരെ ഒരക്ഷരം ശബ്ദിക്കുന്നില്ല. കേന്ദ്രത്തെ ന്യായീകരിക്കുകയും ചെയ്യുന്നു. ഡല്‍ഹിയില്‍ സംസ്ഥാനം ഒറ്റക്കെട്ടായി സമരത്തിന് പോകണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ കേന്ദ്രത്തിനെതിരെ ശബ്ദിക്കാന്‍ വേറെ ആളെ നോക്കണമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. കേരള വിരുദ്ധമാണ് ഈ നിലപാട്. കേരളീയരോടുള്ള വെല്ലുവിളി കൂടിയാണിത്.
കേരളത്തിന്‍റെ ന്യായമായ ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിക്കുന്നത്.  അതിനാല്‍ മുഴുവന്‍ കേരളീയരും ഇതില്‍ അണിചേരണം. ജില്ലയില്‍ 96 കേന്ദ്രങ്ങളില്‍ നടക്കുന്ന ബഹുജന സദസ്സില്‍ പങ്കെടുക്കാന്‍ മുഴുവന്‍ ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ എന്‍ ചന്ദ്രന്‍, സി പി സന്തോഷ് കുമാര്‍, ജോയ് കൊന്നക്കല്‍, എം പി മുരളി, കെ മനോജ്, വി കെ ഗിരിജന്‍, കെ കെ ജയപ്രകാശ്, ഇക്ബാല്‍ പോപ്പുലര്‍, കെ സി ജേക്കബ് മാസ്റ്റര്‍, ജോസ് ചെമ്പേരി, സി വത്സന്‍ മാസ്റ്റര്‍, ബാബുരാജ് ഉളിക്കല്‍, എം ഉണ്ണികൃഷ്ണന്‍, എം പി അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.