സി.പി.എം ഏകാധിപത്യ പ്രസ്ഥാനമായി മാറി : എം.വി രാജേഷ്
കണ്ണൂർ : എകാധിപത്യ പ്രവണത ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും നല്ലതല്ലെന്നും കുറച്ച് നേതാക്കളെയും കുറെ ഗുണ്ടകളെയും വച്ച് ഒരു പാർട്ടിക്കും കുറെ കാലം നിലനിൽപ്പില്ലെന്നും സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി എം വി രാജേഷ് പറഞ്ഞു. സി എം പി സ്ഥാപക ജനറൽ സെക്രട്ടറിയും മുൻമന്ത്രിയുമായ എം വി രാഘവന്റെ പത്താം ചരമ വാർഷിക ദിനത്തിൽ സി എം പി അരവിന്ദാക്ഷൻ വിഭാഗം പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുക മാത്രം ചെയ്യുന്ന ഏകാധിപത്യ പ്രസ്ഥാനമായി സിപിഎം മാറിക്കഴിഞ്ഞു. മനുഷ്യനാവണം എന്നതാണ് കമ്മ്യൂണിസത്തിന്റെ അന്ത:സത്ത.എന്നാൽ ഇവിടെ മൃഗങ്ങൾ ആവണം എന്നതാണ് ഇപ്പോൾ സിപിഎമ്മിന്റെ നയം. കാണിക്കേണ്ട തെമ്മാടിത്തരങ്ങളെല്ലാം കാണിക്കാൻ അണികളെ പഠിപ്പിക്കുകയാണ് സി പി എം നേതാക്കൾ ചെയ്യുന്നത്.മൃഗങ്ങൾ നയിക്കുന്ന പ്രസ്ഥാനമായി സിപിഎം മാറി കഴിഞ്ഞു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലനിൽക്കുന്നത് ബിൽഡിങ്ങിന്റെ മുകളിലല്ല.ജനങ്ങളുടെ മനസ്സിൽ ആണ്. എന്നാൽ ആസ്തികൾ വാരിക്കൂട്ടാനാണ് കേരളത്തിൽ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.. ഇതിനേക്കാൾ വലിയ ആസ്തിയുള്ള പ്രസ്ഥാനമായിരുന്നുബംഗാളിലെ സിപിഎം.എന്നാൽ ഇപ്പോൾ അവിടത്തെ അവസ്ഥ എന്താണെന്ന് എല്ലാവർക്കുമറിയാം.ഉണ്ടായിരുന്ന കെട്ടിടങ്ങൾ എല്ലാം വാടകയ്ക്ക് കൊടുക്കുകയോ ബിജെപിയുടെ ഓഫീസ് ആയി മാറുകയോ ചെയ്തു കഴിഞ്ഞു.അതേ അവസ്ഥ തന്നെയാണ് കേരളത്തിലും വരാൻ പോകുന്നത്.
അന്ന് മുസ്ലിം ലീഗിനെയും കേരള കോൺഗ്രസിനെയും മുന്നണിയിൽ എടുക്കണമെന്ന് എംവിആർ പറഞ്ഞതിന്റെ പേരിലാണ് പാർട്ടി നടപടി എടുത്തത്. എന്നാൽ ഇപ്പോൾ വർഗീയ കക്ഷികളായ ഐ എൻ എല്ലും കേരള കോൺഗ്രസ് എമ്മും അടക്കം അണ്ണാമുണ്ണി പാർട്ടികൾ വരെ മുന്നണിയിലെത്തി. ബിജെപിയുമായി പോലും അഡ്ജസ്റ്റ്മെന്റിലാണ് സിപിഎം പ്രവർത്തിക്കുന്നത് .പാലക്കാട് കാണുന്നത് അതാണ്.സ്വന്തമായി ഒരു കമ്മ്യൂണിസ്റ്റ് കാരനെ പോലും സ്ഥാനാർത്ഥിയായി നിർത്താൻ കഴിയാത്ത പാർട്ടിയായി സിപിഎം മാറിക്കഴിഞ്ഞു.രാജേഷ് പറഞ്ഞു.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം വി മനോഹരൻ അധ്യക്ഷത വഹിച്ചു.ആറ്റൂർ ശരത് ചന്ദ്രൻ, ജോയ് വർഗീസ്,വി വി രാധാകൃഷ്ണൻ, കെ പി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.