'ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ വെറളി പൂണ്ട് സി.പി.എം കണ്ണൂർ ജില്ലയിൽ അക്രമം അഴിച്ചു വിടുന്നു'- ബി.ജെ.പി നേതാവ് എൻ. ഹരിദാസ്

haridas
haridas

കണ്ണൂര്‍: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ജാഗ്രത മറയ്ക്കാന്‍ സിപിഎം ജില്ലാ നേതൃത്വം ജില്ലയില്‍ വ്യാപകമായി അക്രമം നടത്തുകയാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി എന്‍.  ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നുവെന്ന് മാത്രമല്ല വലിയതോതില്‍ വോട്ട് കുറയുകയും ചെയ്തു. തെരഞ്ഞെടുപ്പ് വിജയത്തിനായി മതഭീകരവാദികളെ കൂട്ടുപിടിച്ചപ്പോള്‍ സിപിഎം നേതൃത്വത്തെ അണികള്‍ കൈവിടുകയായിരുന്നു. ഇതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് വ്യാപകമായി ബോംബ് നിര്‍മ്മാണവും അക്രമവും നടത്താന്‍ സിപിഎം നേതൃത്വം കോപ്പുകൂട്ടുന്നത്.

കഴിഞ്ഞ ദിവസം പയ്യന്നൂര്‍ കരിവെള്ളൂരില്‍ ബിജെപി യോഗം ചേരുന്നതിനിടെയാണ് സിപിഎം സംഘം വീട് വളഞ്ഞു അക്രമം അഴിച്ചുവിട്ടത്. പോലീസിനെ വിവരം അറിയിച്ചെങ്കിലും നിഷ്‌ക്രിയമായ പെരുമാറ്റമാണുണ്ടായത്. ആദ്യഘട്ടത്തില്‍ കേവലം നാലു പോലീസുകാരെ മാത്രമാണ് അവിടേക്ക് അയച്ചത്. പിന്നീട് എഡിജിപിയെ ഉള്‍പ്പെടെ വിളിച്ച സമയത്തും കൃത്യമായ നടപടിയെടുക്കാന്‍ തയ്യാറായില്ല. ഏഴു മണിയോടെ കരിവെള്ളൂരിലെ ബിജെപി പ്രവര്‍ത്തകന്റെ വീട് വളഞ്ഞ സിപിഎം സംഘത്തെ 11 മണിക്ക് ശേഷമാണ് അവിടുന്ന് മാറ്റി നിര്‍ത്താന്‍ സാധിച്ചത്. വീട്ടിനകത്തുള്ള ബിജെപി പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയപ്പോള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. പോലീസ് സാന്നിധ്യത്തിലാണ് ഇതെല്ലാം നടന്നതെന്ന് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കരിവെള്ളൂരും സമീപപ്രദേശത്തുമുള്ള 200 ഓളം സിപിഎം ഗുണ്ടാസംഘമാണ് വീട് വളഞ്ഞത്.

തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് കഴിഞ്ഞദിവസം സിപിഎം കേന്ദ്രമായ കുടക്കളത്ത് തേങ്ങ എടുക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍  വയോവൃദ്ധന്‍ മരണപ്പെട്ടത്. ബോംബ് നിര്‍മ്മാണവും സ്‌ഫോടനവും ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. സര്‍ക്കാരല്ല മറിച്ച് സിപിഎമ്മാണ് സ്‌ഫോടനത്തില്‍ മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരുടെ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത് എന്നതും ശ്രദ്ധേയമാണ്. ബോംബ് കണ്ടെത്താനുള്ള പോലീസിന്റെ പരിശോധന പോലും സിപിഎം നേതാക്കളുടെ നിര്‍ദ്ദേശാനുസരണമാണ് നടത്തുന്നത്. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടാല്‍ വലത്തോട്ട് പോകുന്ന പോലീസ് ജീപ്പിലാണ് പരിശോധനയ്ക്ക് എത്തുന്നത്. സമൂഹത്തിലെ സൈ്വര്യ ജീവിതം താറുമാറാക്കുന്ന അക്രമ രാഷ്ട്രീയത്തില്‍ നിന്ന് സിപിഎം നേതൃത്വം പിന്‍മാരണം. സാധാരണ സിപിഎം പ്രവര്‍ത്തകര്‍ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണന്‍ പനക്കീല്‍, സലോറ ബാലന്‍, മണിയറ രാഘവന്‍, ധനേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


 

Tags