സി.പി.എം വയനാട് ദുരിതാശ്വാസ ഫണ്ട് പിരിവ് ഓഗസ്റ്റ് ആറിന് തുടങ്ങും

cpm1
cpm1

കണ്ണൂർ :മാനവികത ഉയർത്തിപ്പിടിക്കാം, വീണ്ടെടുക്കാം വയനാടിനെ'യെന്ന സന്ദേശമുയർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സിപിഎം സംഭാവന ശേഖരിക്കും. ആഗസ്ത് ആറു മുതൽ 11 വരെയുള്ള തീയതികളിലാണ് വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഫണ്ട് ശേഖരിക്കുക. 

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ബഹുജനങ്ങളോടും അത് ശേഖരിച്ച് ഓരോ ആളുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ബേങ്ക് അക്കൗണ്ടിലേക്ക് അടക്കാനുമായി മുഴുവൻ പാർട്ടി ഘടകങ്ങളോടും എം.വി ജയരാജൻ അറിയിച്ചു. കണ്ണൂർ. ജില്ലയിൽ 4402 സിപിഎം സ്‌ക്വാഡുകൾ വീടുകളും കടകളും സ്ഥാപനങ്ങളും സന്ദർശിച്ച് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയിൻ സംഘടിപ്പിക്കും. 


സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. ഒരു പ്രദേശമാകെ ദുരന്തത്തിൽ തകർന്നു. നൂറുകണക്കിന് മനുഷ്യജീവനുകളും വീടുകളും കടകളും വിദ്യാലയങ്ങളും ജീവനോപാധികളും നഷ്ടമായി. ഉടുതുണിക്ക് മറുതുണിപോലും ഇല്ലാതെയാണ് രക്ഷപ്പെട്ടവരിൽ മഹാഭൂരിപക്ഷവും. മുഖ്യമന്ത്രിയും ഒൻപതു മന്ത്രിമാരും ചേർന്ന് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കര-നാവിക-വ്യോമ-ദുരന്ത നിവാരണ-അഗ്‌നിശമന-പോലീസ് സേനാംഗങ്ങളും റവന്യൂ-ആരോഗ്യം-തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഒറ്റക്കെട്ടായി ആധുനിക സാങ്കേതിക വിദ്യയുടെയും പരിശീലനം നേടിയ പോലീസ് നായകളുടെയും സഹായത്തോടെ രക്ഷാദൗത്യം ഏറ്റെടുത്തു. 

ദുരന്തമുഖത്ത് മാനവികത ഉയർത്തിപ്പിടിച്ച് ജാതിമതരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി ഒറ്റമനസ്സോടെ മലയാളികളാകെ രംഗത്തിറങ്ങി. വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ വയനാട്ടിലേക്ക് ഒഴുകിയെത്തി. വ്യവസായികളും, കലാകാരന്മാരും ജീവനക്കാരും കുട്ടികളും തൊഴിലാളികളും ബസ്സുടമകളും വ്യാപാരികളും തങ്ങളുടെ കഴിവനുസരിച്ചുള്ള സംഭാവനയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം നൽകിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ളവർ സിഎംഡിആർഎഫിലേക്ക് സംഭാവന നൽകുന്നുണ്ട്.


 വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയോ പ്രത്യേക പാക്കേജ് സംസ്ഥാനത്തിന് അനുവദിക്കുകയോ ചെയ്യാത്ത പരിതസ്ഥിതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി തുക എത്തിക്കുക എന്ന കടമ സിപിഐ(എം) ഏറ്റെടുക്കുകയാണ്. മന്ത്രിമാരും ഇടതുപക്ഷ എം.പി.മാരും എം.എൽ.എ.മാരും ഒരു മാസത്തെ ശമ്പളവും മുൻ എം.എൽ.എ.മാർ ഒരുമാസത്തെ പെൻഷനും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി അഞ്ചു ലക്ഷം രൂപ നൽകിയിട്ടുണ്ട്. അതിന് പുറമേ ജില്ലാ കമ്മിറ്റി അംഗങ്ങൾ വ്യക്തിപരമായ സംഭാവനയും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വർഗബഹുജന സംഘടനകളുടെ അതത് ഘടകങ്ങളാണ് സംഭാവന നൽകുക. പൊതുപിരിവ് നടത്തില്ല. ക്ലബ്ബുകളും വായനശാലകളും ആരാധനാലയങ്ങളും അവരവരുടെ പങ്കാണ് സംഭാവനയായി നൽകുക. 

വ്യക്തികൾ, സംഘടനകൾ സ്ഥാപനങ്ങൾ എന്നിവരോട് അവരവരുടെ ഗൂഗിൾ എക്കൗണ്ട് വഴിയോ ബേങ്ക് അക്കൗണ്ട് വഴിയോ വ്യക്തിയുടെ/സംഘടനയുടെ/സ്ഥാപനത്തിന്റെ പേരിലാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന അയക്കാൻ അഭ്യർത്ഥിക്കുക. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളോ മറ്റു സംവിധാനങ്ങളോ ബേങ്ക് എക്കൗണ്ടോ ഇല്ലാത്തവരെ പാർട്ടി സ്‌ക്വാഡുകൾ ബാങ്ക് വഴി തുക അടക്കാൻ സഹായിക്കും. ബ്രാഞ്ച് വരെയുള്ള എല്ലാ ഘടകങ്ങളും ആ ഘടകങ്ങളിലുള്ള അംഗങ്ങളുടെ വിഹിതം ശേഖരിച്ച് ഒന്നിച്ച് അടക്കും. സഹകരണ സ്ഥാപനങ്ങളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതി അംഗങ്ങൾ ഒരു മാസത്തെ സിറ്റിങ്ങ് അലവൻസ് സംഭാവനയായി നൽകും. 

ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരുടെ കടമയാണ്. അടിയന്തിര പ്രാധാന്യത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കാമ്പയിൻ വിജയിപ്പിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളും രംഗത്തിറങ്ങണമെന്ന് എം.വി ജയരാജൻ ആവശ്യപ്പെട്ടു.

Tags