വയനാട് ദുരന്തം: കേന്ദ്ര അവഗണനക്കെതിരെ സി പി ഐ പ്രതിഷേധ മാര്‍ച്ച് 21ന്
കണ്ണൂര്‍: വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനക്കെതിരെ സംസ്ഥാന വ്യാപകമായി സി പി ഐ നടത്തുന്ന സമരത്തിന്റെ ഭാഗമായി 21ന് കാലത്ത് കണ്ണൂര്‍ ആര്‍ എസ് പോസ്റ്റോഫീസിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോട് ബി ജെ പി സര്‍ക്കാര്‍ കാണിക്കുന്ന കൊടിയ വഞ്ചനയാണിത്.
വയനാട് ദുരന്തം ദേശീയ പരിഗണന അര്‍ഹിക്കുന്നതല്ലെന്ന വാദത്തില്‍ നിന്ന് തന്നെ കേന്ദ്രസര്‍ക്കാരിന്റെ കാപട്യം വ്യക്തമാകുന്നുണ്ട്. ദുരന്തത്തിന്റെ പതിനൊന്നാം നാളില്‍ വയനാട്ടിലെത്തി പ്രധാനമന്ത്രി കാണിച്ചതെല്ലാം വെറും നാടകം മാത്രമാണെന്നതിന് കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണ്.
ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനുമായി കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 2262 കോടി രൂപയുടെ പാക്കേജാണ്. രാജ്യമാകെ അതിന്റെ ആവശ്യകത ബോധ്യപ്പെട്ടതുമാണ്. എന്നാല്‍ സംസ്ഥാനത്തിന് ലഭിച്ചുവരുന്ന സാധാരണ വിഹിതം ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ പക്കല്‍ ആവശ്യത്തിന് നീക്കിയിരുപ്പ് ഉണ്ടെന്ന വിചിത്ര വാദമാണ് ബി ജെ പി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.
ദുരന്തം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും മോദി സര്‍ക്കാര്‍ നടത്തുന്ന ഈ കാപട്യത്തിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.