കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് പ്രഥമ പരിഗണന നല്‍കി ഗ്രാന്റ് അനുവദിക്കണം: സി പി മുരളി

bkmu
bkmu

കണ്ണൂര്‍: കര്‍ഷക തൊഴിലാളി ക്ഷേമനിധി അതിവര്‍ഷാനുകൂല്യം കുടിശ്ശിക തീര്‍ത്തു നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായും അഞ്ഞൂറ് കോടി രൂപ അനുവദിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കം പറയുമ്പോഴും പരിഗണന നല്‍കേണ്ട മേഖലകളെ വിസ്മരിക്കരുതെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി ആവശ്യപ്പെട്ടു. കര്‍ഷകതൊഴിലാളി ഫെഡറേഷന്‍, ബി കെ എം യു ആഭിമുഖ്യത്തില്‍ ജില്ലാ കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കര്‍ഷകതൊഴിലാളി ക്ഷേമനിധി അതിവര്‍ഷാനുകൂല്യം പൂര്‍ണമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തിരമായും അഞ്ഞൂറ് കോടി രൂപ അനുവദിക്കുക, ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ദ്ധിപ്പിച്ചുനല്‍കുക, പെന്‍ഷന്‍ മൂവായിരം രൂപയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് കര്‍ഷകതൊഴിലാളി ഫെഡറേഷന്‍(ബികെഎം യു)പ്രവര്‍ത്തകര്‍ ജില്ലാ കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്. 

ജില്ലാ പ്രസിഡന്റ് പി വി ബാബുരാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ വി ബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം സി വിജയന്‍, എഐ ടി യു സി ജില്ലാ ട്രഷറര്‍ പി നാരായണന്‍, ബി കെ എം യു ജില്ലാ ജോയിന്റ് സെക്രട്ടറി പി വി ബാബു, വൈസ് പ്രസിഡന്റ് പി വി സുരേന്ദ്രന്‍, പപ്പന്‍ കുഞ്ഞിമംഗലം എന്നിവര്‍ പ്രസംഗിച്ചു. 

കെ എസ് ആര്‍ സി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ടി പി സുനില്‍കുമാര്‍, വി ടി വിജയന്‍, ടി വി രാജലത, ടി വി ഗംഗാധരന്‍, കെ വി ശ്രീധരന്‍, എം രഘുനാഥ്, പി കെ കരുണാകരന്‍, സി രവി, എം രാമകൃഷ്ണന്‍, ടി വി നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags