ഒമ്പതാമത് സഹകരണ കോണ്‍ഗ്രസ് ; കണ്ണൂരില്‍ നിന്നും പതാകജാഥ തുടങ്ങി

google news
sp

കണ്ണൂര്‍ : സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒമ്പതാമത് സഹകരണ കോണ്‍ഗ്രസിന്റെ പ്രചരണാര്‍ഥം കണ്ണൂരില്‍ നിന്നും പതാക ജാഥ തുടങ്ങി.

കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിന് സമീപത്ത് നടന്ന പരിപാടി മുന്‍ എം എല്‍ എ എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനായ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പതാക ഏറ്റുവാങ്ങി. കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്‍ സുബ്രഹ്‌മണ്യന്‍ വൈസ് ക്യാപ്റ്റനും സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ കെ സജീവ് കര്‍ത്ത മാനേജറുമായ ജാഥക്ക് ബുധനാഴ്ച (ജനുവരി 17) രാവിലെ ഒമ്പത് മണിക്ക് തലശ്ശേരിയില്‍ സ്വീകരണം നല്‍കും.

തുടര്‍ന്ന് വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം 19ന് തിരുവനന്തപുരത്ത് സമാപിക്കും.ജനുവരി 21, 22 തീയതികളില്‍ തിരുവനന്തപുരം കനകക്കുന്ന് ഓഡിറ്റോറിയത്തിലാണ് സഹകരണ കോണ്‍ഗ്രസ് 2024 നടക്കുക. പ്രചരണാര്‍ഥം കണ്ണൂരില്‍ നിന്നും പതാക ജാഥയും ഏറ്റുമാനൂരില്‍ നിന്ന് കൊടിമര ജാഥയുമാണ് നടത്തുന്നത്.

സംഘാടക സമിതി ചെയര്‍മാന്‍ സി വി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗം കെ കെ നാരായണന്‍ ജാഥ വിശദീകരിച്ചു. കണ്ണൂര്‍ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഇ രാജേന്ദ്രന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) കെ പ്രദോഷ് കുമാര്‍, മുണ്ടേരി ഗംഗാധരന്‍, സി എ അജീര്‍, കെ ജി വത്സലകുമാരി, പി മുകുന്ദന്‍, കെ സി ഹരികൃഷ്ണന്‍ മാസ്റ്റര്‍, എന്‍ ബാലകൃഷ്ണന്‍, പി ചന്ദ്രന്‍, ഹരിദാസ് മൊകേരി, പി പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags