നിക്ഷേപത്തിന് മുപ്പത്തിയാറു ശതമാനം വരെ പലിശ വാഗ്ദ്ധാനം; സ്വകാര്യ കമ്പനി കണ്ണൂരിലും കോടികള്‍ തട്ടിയതായി പരാതി

money fraud
money fraud

കണ്ണൂര്‍: നിക്ഷേപര്‍ക്ക് മുപ്പത്തിയാറു ശതമാനം വരെ പലിശ വാഗ്ദ്ധാനം ചെയ്തു സ്വകാര്യ കമ്പിനി കണ്ണൂര്‍ ജില്ലയിലും കോടികള്‍ തട്ടിയെടുത്തതായി പരാതി. വിരമിച്ച ഉദ്യോഗസ്ഥരും പൊലിസുകാരും അധ്യാപകരുമാണ് കൊളളലാഭം കൊയ്യുന്നതിനായി ഇറങ്ങി വെട്ടിലായത്. പതിനഞ്ചു ശതമാനം മുതല്‍ മുപ്പത്തിയാറു ശതമാനം വരെ പലിശ വാഗ്ദ്ധാനം ചെയ്താണ് വടക്കെമലബാറിലെ മൂന്ന് ജില്ലകളില്‍ നിന്നും കമ്പനി നിക്ഷേപം സ്വീകരിച്ചത്. കോഴിക്കോട്, മലപ്പുറം എന്നിവടങ്ങളിലാണ് ആദ്യം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീടാണ്  ഇരകളെ തേടി കണ്ണൂരിലെത്തിയത്. 

ഇവരുടെ തട്ടിപ്പിനിരയായവരില്‍ ഉദ്യോഗസ്ഥ പ്രമാണികള്‍ മാത്രമല്ല സാധാരണക്കാരും വീട്ടമ്മമാരും പ്രമാണിമാരുമുണ്ടെന്നാണ് വിവരം. കോക്‌സ് ടാക്‌സ് പബ്‌ളിക് ലിമിറ്റഡ് കമ്പിനിക്കെതിരെയാണ് ആരോപണമുയരുന്നത്. കോഴിക്കോട് ജില്ലയിലെ തട്ടിപ്പുമായി ബന്ധപ്പെട്ടു സ്ഥാപനത്തിന്റെ എം.ഡി ജമാലുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് എ.സി.പി എ. ഉമേശന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റു ചെയ്തിരുന്നു. 

സ്ഥാപന എം.ഡി അറസ്റ്റിലായതോടെ കണ്ണൂരിലെ നിക്ഷേപകരും പരിഭ്രാന്തിയിലാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും പൊലിസ് അറിയിച്ചു. ചില സംഘടനാ നേതാക്കളാണ് കണ്ണൂരില്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ടര വര്‍ഷം കൊണ്ടു നിക്ഷേപം ഇരട്ടിപ്പിക്കുന്ന പ്‌ളാനാണ് കമ്പിനിയുടെ പ്രതിനിധികള്‍ നിക്ഷേപകര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നത്.

Tags