അതിജീവന പോരാട്ടത്തിന് വിട : ജ്വാലയായി മാറി ചിത്രലേഖ
Updated: Oct 6, 2024, 13:49 IST
കണ്ണൂർ: നീതിക്ക് വേണ്ടി അവസാനശ്വാസം വരെ പോരാടിയ ദളിത് പോരാളിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ചിത്രലേഖയെ ചിതയിലെ തീ നാളങ്ങൾ ഏറ്റുവാങ്ങി. ഞായറാഴ്ച്ച രാവിലെ എട്ടുമണിയോടെ കാട്ടാമ്പള്ളിയിലെ വീട്ടിലെത്തിച്ച ഭൗതിക ശരീരത്തിൽ നൂറ് കണക്കിനാളും വിവിധ ദളിത്-മനുഷ്യാവകാശസംഘടനാ പ്രതിനിധികളും അന്ത്യാജ്ഞലിയർപ്പിച്ചു.
തുടർന്ന് വീട്ടിൽ നിന്ന് ആംബുലൻസിൽ പതിനൊന്നു മണിയോടെ സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോയി. ഇതിനു ശേഷം പയ്യാമ്പലത്തും വീട്ടിലും അനുശോചനയോഗം നടന്നു. ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ.കസ്തൂരി ദേവൻ, പള്ളിപ്രം പ്രസന്നൻ, വിനോദ് പയ്യന്നൂർ.പത്മനാഭൻ കാവുമ്പായി തുടങ്ങിയവർ സംസാരിച്ചു. ശനിയാഴ് ച്ച പുലർച്ചെ മൂന്ന് മണിക്കാണ് കാൻസർ രോഗബാധിതയായ ചിത്രലേഖ കമ്പിലെ ആശുപത്രിയിൽ മരണമടയുന്നത്.