ചെങ്ങളായി പിഎച്ച്‌സി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി ആരോഗ്യകേന്ദ്രങ്ങൾ ആശ്വാസകേന്ദ്രങ്ങളായി മാറി : മന്ത്രി വീണ ജോർജ്
ശ്രീകണ്ഠാപുരം : സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളെല്ലാം സാധാരണക്കാരുടെ ആശ്വാസകേന്ദ്രങ്ങളായി മാറിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗത്തിന്റെ മുന്നിൽ ആരും നിസ്സഹായരാകാൻ പാടില്ല എന്നതാണ് സർക്കാരിന്റെ നയം. അതുകൊണ്ടാണ് ആർദ്രം മിഷനിലൂടെ ഹൃദ്രോഗ ചികിത്സ ഉൾപ്പെടെ വികേന്ദ്രീകരിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബുകൾ സ്ഥാപിച്ചു. ലക്ഷങ്ങൾ ചെലവഴിച്ച് സ്വകാര്യആശുപത്രികളിൽ ചികിത്സനേടാനാവാത്തവർക്ക് ആരോഗ്യമേഖലയിലെ സർക്കാർ സംവിധാനങ്ങൾ വലിയ ആശ്വാസമായെന്നും മന്ത്രി പറഞ്ഞു.
അഡ്വ. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷനായി. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനൻ, ഡിഎംഒ ഡോ.എം പീയുഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അഡ്വ. കെ.കെ രത്‌നകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ശോഭന ടീച്ചർ, ജില്ലാ പഞ്ചായത്തംഗം ടി.സി പ്രിയ, ബ്ലോക്ക് പഞ്ചായത്തംഗം എൻ നാരായണൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ എ ജനാർദനൻ, എം.എം പ്രജോഷ്, രജിത പി.വി, മെംബർ ആഷിഖ് ചെങ്ങളായി, സെക്രട്ടറി കെ രമേശൻ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. സി.പി ബിജോയ്, എം വേലായുധൻ, കെ മിനേഷ്, മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു മിറിയം ജോൺ, രാഷ്ട്രീയ പാർട്ടി നേതാക്കളായ പി പ്രകാശൻ, ടി രാജ്കുമാർ, അഷറഫ് ചുഴലി, പി വി ഷൈജു, എംവി ബിന്ദു, കെ.കെ രവി മാസ്റ്റർ, കെ.പി.പി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.