കേന്ദ്രസർവ്വകലാശാല ആക്ടിങ് വൈസ് ചാൻസലർ പ്രൊഫ. കെ പി സുരേഷ് നിര്യാതനായി

dsgg

കണ്ണൂർ: കേന്ദ്ര സർവകലാശാലയുടെ രജിസ്ട്രാറായും ആക്ടിംഗ് വൈസ് ചാൻസിലാറായും സേവനമനുഷ്ഠിച്ച രാജ്യത്തെ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ മട്ടന്നൂർ പഴശ്ശി സൂര്യാംശ് വീട്ടിൽ ഡോ. കെ. പി. സുരേഷ് (65) നിര്യാതനായി. 

കേന്ദ്ര സർവകലാശാലയിൽ സ്കൂൾ ഓഫ് എഡ്യൂക്കേഷന്റെ സ്ഥാപക മേധാവിയും ഡീനുമായിരുന്നു അദ്ദേഹം.  മലബാറിലെ തന്നെ ആദ്യകാല എലിമെന്ററി സ്കൂളുകളിൽ ഒന്നായ പഴശ്ശി ഈസ്റ്റ് എൽപി സ്കൂൾ സ്ഥാപകൻ രാമൻ ഗുരുക്കളുടെ മകൻ കെ പി അച്യുതൻ മാസ്റ്ററുടെയും പി പി പാഞ്ചു ടീച്ചറുടെയും മകനാണ്.

2005 മുതൽ 2011 വരെ കണ്ണൂർ സർവകലാശാലയിൽ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടറായും അതിനു മുമ്പ്, ആറ് വർഷം മുവാറ്റുപുഴയിലെ എം. ജി. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ (UCTE)  പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. 1995 മുതൽ 1999 വരെ എം.ജി. യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ അദ്ധ്യാപകനും ഡയറക്ടർ ഇൻ ചാർജും ആയി പ്രവർത്തിച്ചിട്ടുണ്ട്. 

രാജ്യമെമ്പാടുമുള്ള വിവിധ യൂണിവേഴ്‌സിറ്റികളുടെയും NCERT പോലുള്ള അക്കാദമിക് സ്ഥാപനങ്ങളുടെയും ഗവേർണിംഗ് ബോഡി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോളേജ് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട NAAC പിയർ ടീം ചെയർമാൻ, സംസ്ഥാന സർക്കാരിന്റെ ബിഎഡ് കോഴ്സ് കരിക്കുലം എക്സ്പെർട്ട് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഒട്ടനവധി ഗവേഷകർക്ക് വഴികാട്ടി ആയിരുന്ന ഡോ: സുരേഷ് ഒട്ടനവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഡോ: എ സുകുമാരൻ നായർ, ഡോ: പി കേളു, ഡോ: കെ സോമൻ തുടങ്ങിയ പ്രഗൽഭരുടെ ശിഷ്യനായിരുന്നു.

ഭാര്യ : ആർ കെ വൈജയന്തി (റിട്ട. അധ്യാപിക), മക്കൾ: യശ്വന്ത് സുരേഷ് (ബാംഗ്ലൂർ), ശാശ്വത് സുരേഷ് (മാനേജ്മെന്റ് കൺസൾട്ടന്റ്, ഐഐഎം കോഴിക്കോട് പൂർവ വിദ്യാർത്ഥി), മരുമകൾ : മഹിത എൻ പി (റിസർച്ച് സ്കോളർ, കാലിക്കറ്റ് സർവകലാശാല)സഹോദരങ്ങൾ: കെ പി സതീശൻ മാസ്റ്റർ (റിട്ട. അദ്ധ്യാപകൻ), കെ പി സത്യാനന്ദൻ (റെയിൽവേ മന്ത്രാലയം, ഡൽഹി), അഡ്വ. കെ പി സർവ്വോത്തമൻ (പരേതൻ), കെ പി സേതുനാഥ്.
ഭൗതിക ശരീരം  31 ന് വെള്ളിയാഴ്ച രാവിലെ പത്തുമണി മുതൽ പഴശ്ശിയിലെ  വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകുന്നേരം 5 മണിക്ക് മട്ടന്നൂർ നഗരസഭയുടെ പൊറോറ നിദ്രാലയത്തിൽ.

Tags