ധർമ്മശാലയിൽ അടിപ്പാത വേണം: അഞ്ചാംപീടിക ചെറുകുന്ന് റൂട്ടിൽ ബസ് സർവ്വീസ് നിർത്തിവെയ്ക്കാനൊരുങ്ങി ബസ് ഉടമകൾ

road
road

തളിപ്പറമ്പ്: ധർമ്മശാലയിൽ നിന്ന് യൂനിവേഴ്സിറ്റി റോഡിലേക്ക് ബസുകൾക്ക് പ്രവേശിക്കാവുന്ന രീതിയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 1 മുതൽ അഞ്ചാംപീടിക ചെറുകുന്ന് റൂട്ടിലുള്ള ബസ് സർവ്വീസ് നിർത്തിവെക്കാൻ തൊഴിലാളി സംഘടനകളുടെയും ബസ് ഉടമസ്ഥരുടെയും സംയുക്ത യോഗം തീരുമാനമെടുത്തു. 23 ബസ്സുകളാണ് ചെറുകുന്ന് അഞ്ചാംപിടിക റൂട്ടിൽ ധർമ്മശാല വഴി സർവ്വീസ് നടത്തുന്നത്. 

ഓരോ ബസിനും 4 ഓളം ട്രിപ്പുകളുണ്ട്. ഇപ്പോൾ ഹാജിമൊട്ടവരെ പോയി തിരിച്ചു വന്നാണ് യൂനിവേഴ്സിറ്റി റോഡിലേക്ക് പ്രവേശിക്കുന്നത്. സമയ നഷ്ടവും ഇന്ധന ചെലവ് വർധിക്കുന്നതും കാരണം സർവ്വീസ് നഷ്ടത്തിലാകുകയും ഈ രീതിയിൽ തുടർന്ന് സർവ്വീസ് നടത്താൻ പറ്റാത്ത സാഹചര്യവുമാണ്.

road dhml

ധർമ്മശാലയിൽ നിർമ്മിക്കുന്ന അടിപ്പാത വഴി ബസുകൾക്ക് യാത്ര ചെയ്യുവാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ബസ് ഉടമകളും തൊഴിലാളികളും ആവശ്യപ്പെടുന്നത്. നിലവിൽ ചെറുവാഹനങ്ങൾക്ക് കടന്നു പോകാവുന്ന രീതിയിലാണ് അടിപ്പാത നിർമാണം പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ  നേരത്തേ സമരം നടത്തിയിരുന്നു.

എം.എൽ എ, എം.പി, ദേശീയപാതാ വിഭാഗത്തിലും നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
ബസ് ഓപ്പറേറ്റേഴ്സ് വെൽഫെയർ അസോസിയേഷൻ തളിപ്പറമ്പ് ഓഫീസിൽ ചേർന്ന യോഗത്തിൽ ബസ് ഉടമകളുടെ പ്രതിനിധികളായി  കെ.വിജയൻ, പ്രശാന്ത് പട്ടുവം, തൊഴിലാളികളെ പ്രതിനിധീകരിച്ച് പത്മനാഭൻ, കെ.വി രാജൻ മണികണ്ഠൻ എന്നിവർ പങ്കെടുത്തു.