'മൂന്നാംമുറക്കാരെ ബി.ജെ.പി ഷാള്‍ അണിയിച്ചു സ്വീകരിക്കുന്നു' : മുന്‍ ഡി.വൈ. എസ്.പി പി.സുകുമാരനെതിരെ വിമര്‍ശനവുമായി എം.വി ജയരാജന്‍

MV Jayarajan criticizes P. Sukumaran
MV Jayarajan criticizes P. Sukumaran

കണ്ണൂര്‍ : ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ച മുന്‍ ഡി.വൈ. എസ്. പി പി. സുകുമാരനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി സി.പി. എം കണ്ണൂര്‍ ജില്ലാ നേതൃത്വം.

മൂന്നാംമുറയിലൂടെ കുപ്രസിദ്ധനായ റിട്ട. ഡിവൈഎസ്പി സുകുമാരന്‍ ഒടുവില്‍ ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെയാണ് എത്തിപ്പെട്ടതെന്നും സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ കുറ്റപ്പെടുത്തി. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ശരീരത്തിലടക്കം കമ്പികയറ്റുകയും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരനാണ് ബിജെപിയില്‍ ചേര്‍ന്ന സുകുമാരന്‍.

MV Jayarajan criticizes P. Sukumaran

കേസ് തെളിയിക്കാനാവാതെ വരുമ്പോഴാണ് ഇയാള്‍ ഹീനമായ മൂന്നാംമുറ കുറ്റാരോപിതരുടെ മേല്‍ പലപ്പോഴും പ്രയോഗിച്ചത്. രാഷ്ട്രീയ വിരോധമുള്ളവരെ വേട്ടയാടാനും കേസില്‍ കുടുക്കാനും തന്റെ ഔദ്യോഗിക പദവി ദുരുപയോഗിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണിയാള്‍. സര്‍വീസിലിരിക്കുന്ന കാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വസ്ത വിധേയനായിരുന്നു. നിരപരാധികളെ മൂന്നാംമുറക്കിരയാക്കിയാണ് ഷുക്കൂര്‍ കേസില്‍ പി ജയരാജന്‍, ടി വി രാജേഷ് ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കിയത്.

തലശേരി ഫസല്‍കേസ് വഴിതിരിച്ചുവിട്ടതും ഇതേ ഉദ്യോഗസ്ഥനാണ്. സര്‍വീസ് കാലയളവില്‍ വലിയതോതില്‍ ആക്ഷേപത്തിനിരയായ ഉദ്യോഗസ്ഥനാണ് ബിജെപി ഇപ്പോള്‍ രാഷ്ട്രീയ അഭയം നല്‍കിയത്. ഉത്തരേന്ത്യയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്വീകരിക്കുന്നത് പോലെ കേരളത്തില്‍ പൊലീസിലെ 'മൂന്നാംമുറക്കാരെ' ഷാള്‍ അണിയിച്ച് ബിജെപി വരവേല്‍ക്കുകയാണെന്നും എം.വി ജയരാജന്‍ ചൂണ്ടിക്കാട്ടി.

Tags