കണ്ണൂർ തളിപ്പറമ്പിൽ പട്ടാപ്പകല്‍ മാരകായുധങ്ങളുമായി വീട്ടിൽ കയറി അക്രമം ; എട്ടു പേർ അറസ്റ്റിൽ
തളിപ്പറമ്പ് : കുറുമാത്തൂരിൽ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനേയും മക്കളേയും വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എട്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
പുളിമ്പറമ്പിലെ പൂമംഗലോരകത്ത് പുതിയപുരയില്‍ റിഷാന്‍(24), തിരുവോത്ത് വീട്ടില്‍ അങ്കിത്(27), സുബി മഹലില്‍ സി.ശ്യാമില്‍(27), താഹിറാസില്‍ പി.വി.മുഹമ്മദ് റമീസ്(27), പട്ടുവം ഹൈസ്‌ക്കൂള്‍ റോഡിന് സമീപത്തെ കുതിരുമ്മല്‍ വീട്ടില്‍ കെ.സുജിന്‍(24), ചവനപ്പുഴ പുതിയകണ്ടത്തെ ഷിഫ മഹലില്‍ എ.പി.മുഹമ്മദ്സിനാന്‍(27), പുളിമ്പറമ്പ് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ എ.പി.ഹൗസില്‍ എ.പി.മുഹമ്മദ് ഷബീര്‍(27), പുളിമ്പറമ്പ് പള്ളിക്ക് സമീപത്തെ സി.മുഹമ്മദ് ജഫ്രീന്‍(27) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇവരുടെ പേരില്‍ വധശ്രമക്കേസെടുത്ത് അറസ്റ്റ് ചെയ്തു.
കുറുമാത്തൂര്‍ മുയ്യത്ത് തിങ്കളാഴ്ച്ചവൈകുന്നേരം നാലോടെയാണ് സംഭവം നടന്നത്. മുയ്യം കടുങ്ങാന്റകത്ത് കെ.അബ്ദുവിന്റെ (57) വീട്ടിലെത്തിയ സംഘം മകന്‍ മഹ്ഷൂക്കിനെ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിന് അബ്ദു, മറ്റൊരു മകന്‍ മിഥിലാജ്, അബ്ദുവിന്റെ അളിയന്‍ കരീം എന്നിവരെ ഇടിക്കട്ട, കത്തി എന്നിവ കൊണ്ട് ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടിയത്. വിവരമറിഞ്ഞത്തിയ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് എട്ട് പേരെയും കസ്റ്റഡിയിലെടുത്തു.
അബ്ദുവിന്റെ മക്കളോടുള്ള മുന്‍ വിരോധമാണ് അക്രമത്തിന് കാരണം.
അബ്ദുവിന്റെ മകനായ മഹഷൂക്കിനെ വീട്ടില്‍ നിന്ന് പിടിച്ച് വലിച്ച് മുറ്റത്തേക്കിട്ട് കത്തിവാള്‍ കൊണ്ട് വെട്ടാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ള മൂന്ന് പേരേയും അക്രമിച്ചത്. പരിക്കേറ്റ അബ്ദു തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.