പ്രകൃതി ദത്ത വർണം ചാലിച്ച് ഏഷ്യൻ ആർട്ട് ഗ്യാലറിയിൽ പതിമുഖം ചിത്ര പ്രദർശനം

google news
art

കണ്ണൂർ :ചിത്രകാരൻ സ്വയം അരച്ചെടുത്ത പ്രകൃതിദത്തമായ വർണങ്ങൾ ഉപയോഗിച്ചുള്ള അപൂർവ്വ ചിത്ര പ്രദർശനം നടന്നുവരികയാണ് കൂത്തുപറമ്പ് ഏഷ്യൻ ആർട് ഗ്യാലറിയിൽ.

പതിമുഖമെന്ന ഔഷധ സസ്യത്തിൻ്റെ തടിയിൽ നിന്നും അരച്ചെടുത്ത ചായത്തിൽ നിന്നുണ്ടാക്കിയ രക്തം വർണം ഉപയോഗിച്ചുള്ള നാൽപതോളം ചിത്രങ്ങളുടെ പ്രദർശനമാണ് നടന്നു വരുന്നത്. ഉയരത്തിൽ വളരുന്ന മുള്ളുകൾ ഉള്ള ഒരു ഔഷധ സസ്യമാണ് പതിമുഖം കുചന്ദനം, ചപ്പങ്ങം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്.

art

സിസാൽ പിനിയ സപ്പാൻ എന്നാണ് ഇതിൻ്റെ ശാസ്ത്രീയനാമം പതിമുഖ പാനീയം കേരളത്തിൽ വളരെ പ്രസിദ്ധമാണ് തെക്കു കിഴക്കൻ ഏഷ്യയാണ് ഇതിൻ്റെ ജന്മദേശം. ധാരാളം ആൻ്റി ഓക്സിഡൻ്റ് അടങ്ങിയിട്ടുള്ള പതിമുഖത്തിൻ്റെ കാതൽപല രൂപത്തിൽ ഉപയോഗപ്പെടുത്തി അതിൽ നിന്നും വ്യത്യസ്ത വർണങ്ങൾ തയ്യാറാക്കുകയും പലതരം പേപ്പറുകൾ, തുണികൾ ക്യാൻവാസ് എന്നിവയിൽ മറ്റു ചേരുവകൾ ഒന്നും ഇല്ലാതെ തികച്ചും പ്രകൃതിദത്തമായ രീതിയിൽ നടത്തിയ പരീക്ഷണമാണ് പതിമുഖം എന്ന പേരിലുള്ള ഈ ചിത്ര പ്രദർശനം.

'കോഴിക്കോട് ജില്ലയിലെ ചാലിയാറിനു തീരത്തുള്ള കായലം സ്വദേശിയായ സി.കെ ഷിബുരാജിൻ്റെ 32 ചിത്രങ്ങളുടെ പ്രദർശനമാണ് ഏഷ്യൻ ആർട്ട് ഗ്യാലറിയിൽ നടന്നു വരുന്നത്.ചിത്രകലയിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തിയ ചിത്രകാരനാണ് സി.കെ ഷിബുരാജ്.2006-ൽ മുറിയൂട്ടിയെന്ന ഇല ഉപയോഗിച്ചു കൊണ്ടു 2006-ൽ ആദ്യമായി ഒരു പ്രകൃതി വർണ ചിത്രം തയ്യാറാക്കിയാണ് പ്രകൃതിദത്ത ചായങ്ങൾ ചിത്രരചനയിൽ ഉപയോഗിക്കാമെന്ന് അദ്ദേഹം തെളിയിച്ചത്.

സിന്തറ്റിക്ക് ചായങ്ങൾ ഉപയോഗിച്ചുള്ള ചിത്രരചനയിൽ നിന്നുള്ള ഒരു വഴിമാറി നടത്തം കൂടിയായിരുന്നു അത്. അതിനു ശേഷം മൈലാഞ്ചി, പച്ചമഞ്ഞൾ, തേയില തേക്കിൻ ഇല, ചീനിമരത്തിൻ്റെ ഇല, മുന്തിരി തൊലി, ആര്യവേപ്പ് തുളസി, അപ്പച്ചെടി എന്നിവയെല്ലാം അരച്ചെടുത്തും ചാലിച്ചും കുറുക്കിയും ഉണക്കിയെടുത്തും അതിൽ നിന്നും വർണങ്ങളുണ്ടാക്കി ഇദ്ദേഹം ചിത്രങ്ങളൊരുക്കിയിട്ടുണ്ട്.

 കേരള ലളിതകലാ അക്കാഡമിയുടെ വിവിധ ഗ്യാലറികളിൽ അടക്കം ഇലച്ചായം എന്ന പേരിൽ പ്രദർശനങ്ങൾ നടത്തിവരികയാണ് കൂടാതെ പ്രകൃതി വർണ ചിത്രങ്ങൾക്ക് 2019 യൂനിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ നാഷനൽ റെക്കാർഡും ലഭിച്ചിട്ടുണ്ട്.

തിരുവണ്ണൂർ സ്വാതിതിരുനാൾ കലാകേന്ദ്രയിൽ പ്രശസ്ത ചിത്രകാരൻ ഷാജി സുബ്രഹ്മണ്യത്തിൻ്റെ കീഴിൽ ചിത്രകലാ പരിശീലനം നേടിയ ഷിബുരാജ് വാട്ടർ കളർ, അക്രലിക്ക് പെയിൻ്റിങ് ഓയിൽ പെയിൻ്റിങ് എന്നിവയിലും ചിത്രങ്ങൾ ചെയ്യാറുണ്ട്. 2023 ടാലൻ്റ് റെക്കാർഡ് ബുക്കിൻ്റെ ഏഷ്യൻ റെക്കാർഡും കരസ്ഥമാക്കിയിട്ടുണ്ട്. പ്രശസ്ത ചിത്രകാരൻ സുരേഷ് കൂത്തുപറമ്പാണ് ഏഷ്യൻ ആർട്ട് ഗ്യാലറിയുടെ ഡയറക്ടർ.

Tags