സംസ്ഥാന ബഡ്‌സ് സ്‌കൂള്‍ കലോത്സവത്തിൽ മിന്നും താരമായി അര്‍ജുന്‍

arjun

 തലശേരി:പരിമിതികള്‍ക്കു മുന്നില്‍ പതറാതെ മിമിക്രി മത്സരത്തില്‍ കന്നിയങ്കത്തില്‍ തന്നെ ഒന്നാംസ്ഥാനം നേടി അര്‍ജുന്‍.  കുടുംബശ്രീ നടത്തുന്ന സംസ്ഥാന ബഡ്‌സ് കലോത്സവത്തിലാണ് പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സ്‌നേഹാലയത്തിലെ സി ആര്‍ അര്‍ജുന്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. പ്രത്യേക പരിശീലനം നേടാതെയാണ് കണ്ടും കേട്ടും അര്‍ജുന്‍ വിവിധ ശബ്ദങ്ങള്‍ പഠിച്ചെടുത്തത്. 

നാടന്‍ പാട്ടു സംസ്‌കാരത്തില്‍ വേറിട്ടുനില്‍ക്കുന്ന പുള്ളുവന്‍പാട്ട്, വിവിധ തരത്തിലുള്ള കോഴികളുടെ ശബ്ദം തുടങ്ങിയവയാണ് അര്‍ജുന്‍ അരങ്ങിലെത്തിച്ചത്. പുള്ളുവന്‍പാട്ട് നേരിട്ട് കേട്ടാണ് പഠിച്ചെടുത്തത്. അധ്യാപിക രമ്യ രാജാണ് അര്‍ജുന്റെ വിവിധ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിച്ചത്. പത്താംതരത്തിലുള്ളപ്പോഴാണ് അര്‍ജുന്‍ സ്‌നേഹാലയത്തില്‍ എത്തിയത്. ഇപ്പോള്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പിലാണ്. 

കൂടാതെ ബംഗളൂരുവില്‍ നിന്ന് കമ്പ്യൂട്ടര്‍  കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിവിധതരം ഉല്‍പ്പന്നങ്ങളും അര്‍ജുന്‍ നിര്‍മിക്കും. ജൂനിയര്‍ വിഭാഗം പെന്‍സില്‍ ഡ്രോയിങ്ങിനു കൂടി അര്‍ജുന്‍ മത്സരിക്കുന്നുണ്ട്. ശ്രീകൃഷ്ണപുരം ബ്ലോക്കിലെ വോയ്‌സ് ഓഫ് സമന്വയ എന്ന നാടന്‍പാട്ട് ട്രൂപ്പിലെ കലാകാരന്‍ കൂടിയാണ് ഈ 17കാരന്‍. മതാപിതാക്കളായ ഉഷദേവിയും രാധാകൃഷ്ണനു എല്ലാ പ്രോത്സാഹനങ്ങളും നല്‍കി കൂടെയുണ്ട്.

Tags