അമ്പായത്തോട് - തലപ്പുഴ- 44-ാം മൈല്‍ ചുരം രഹിത പാത യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

The demand to make the Ambayathode - Thalapuzha- 44th mile pass-free road a reality is getting stronger
The demand to make the Ambayathode - Thalapuzha- 44th mile pass-free road a reality is getting stronger

ഇരിട്ടി: നിടുംപൊയില്‍ - മാനന്തവാടി പേര്യ ചുരം റോഡ് അപകടാവസ്ഥയിലായതിനാലും ബോയ്സ് ടൗണ്‍ റോഡിന്റെ വികസനം വൈകുന്നതും കണക്കിലെടുത്ത് ചുരംരഹിതവും സുരക്ഷിതവുമായ അമ്പായത്തോട് - തലപ്പുഴ- 44-ാം മൈല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച്  നേരത്തെ മുഖ്യമന്ത്രിക്കും പൊതുമാരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ഈ നിവേദനത്തിന് ബന്ധപ്പെട്ടവരില്‍ നിന്നും ലഭിച്ച മറുപടിയില്‍  ഇത്തരം ഒരു അജണ്ട സര്‍ക്കാറിന്റെ പരിഗണനയില്ലെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സണ്ണിജോസഫ് എം എല്‍ എ പറഞ്ഞു. 

മാനന്തവാടി എം എല്‍ എയും മന്ത്രിയുമായ ഒ.ആര്‍. കേളുവിന്റെ സഹായത്തോടെ വീണ്ടുമൊരു നീക്കം കൂടി നടത്താമെന്നും താലൂക്ക് സഭയുടെ വികാരവും ഇതിനൊപ്പം ചേര്‍ക്കാമെന്നുമുളള എം എല്‍ എയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. എട്ടുകിലോമീറ്റര്‍ വരുന്ന റോഡില്‍ 1.3 കിലോമീറ്റര്‍ മാത്രമാണ് വന മേഖല വരുന്നതെന്നും മറ്റ് ജനപ്രതിനിധികളും യോഗത്തില്‍  പറഞ്ഞു.

അമ്പായത്തോട്-പാല്‍ചുരം റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് 39 കോടിയുടെ പ്രവ്യത്തിക്ക് ഭരണാനുമതി കിട്ടിയതായി കെ ആര്‍ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. എത്രകാലമായി ഈ റോഡിന്റെ വികസനത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് എം എല്‍ എ കെ ആര്‍ എഫ് ബി എഞ്ചിനീയറോട് ചോദിച്ചു. 12 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ ടെണ്ടര്‍ നടപടികള്‍ക്കായി കിഫ്ബിയില്‍ നിന്നുള്ള അനുമതി കാത്തിരിക്കുകയാണ്. ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ബോയ്സ് ടൗണ്‍ റോഡിന്റെ അടിയന്തിര അറ്റകുറ്റപണികള്‍ ഉടന്‍ ആരംഭിക്കും. പത്ത് ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നതെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു. 

ആറളം ഫാമിലെ ആദിവാസികള്‍ക്ക് നല്‍കിയ പട്ടയം റദ്ദ്ചെയ്യുന്നതിന് മുന്‍മ്പ് പട്ടയം ഉടമകളുടെ അനുമതി വേണമെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ. വേലായുധന്‍ ആവശ്യപ്പെട്ടു. ഭൂമി പിടിച്ചെടുക്കുന്നതിന് മുന്‍മ്പ് എല്ലാ അശങ്കകളും പരിഹരിക്കരിക്കുമെന്ന് തഹസില്‍ദാര്‍ സി.വി. പ്രകാശന്‍ യോഗത്തെ അറിയിച്ചു. ഇരിട്ടി പുതിയ ബസ്റ്റാന്‍ഡില്‍ മദ്യമയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനം ശക്തമാണെന്ന നിരീക്ഷമുണ്ടെന്നും ഇരിട്ടി തഹസില്‍ദാര്‍ സി.വി. പ്രകാശന്‍ അറിയിച്ചപ്പോള്‍ ഇത്   നിരീക്ഷിക്കാന്‍ ശക്തമായ പരിശോധന പോലീസിന്റെയും എക്സൈസിന്റെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് എം എല്‍ എ നിര്‍ദ്ദേശിച്ചു.


400 കെ വി ലൈന്‍ വിലക്കുമ്പോള്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന യഥാര്‍ത്ഥ നഷ്ടത്തിന്റെ കണക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ എടുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും യോഗം നിര്‍ദ്ദേശിച്ചു. ലൈന്‍ കടന്നു പോകുന്ന പ്രദേശങ്ങളിലെ എം എല്‍ എമാരും വൈദ്യുതി മന്ത്രിയും കെ എസ് ഇ ബി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ഓണ്‍ ലൈന്‍ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഭൂമിയും കാര്‍ഷിക വിളകളും നഷ്ടപ്പെടുന്നവരുടെ യഥാര്‍ത്ഥ കണക്കെടുക്കാനുള്ള തീരുമാനമെടുത്തതെന്ന് എം എല്‍ എ പറഞ്ഞു. 

പൊതുമാരാമത്ത് റോഡുകളിലെ ഓവുചാല്‍ വ്യത്തിയാക്കുന്നതും കാടുവെട്ടുന്നതും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഇരിട്ടി നഗരസഭാ ചെയര്‍ പേഴ്സണ്‍ കെ. ശ്രീലത ആവശ്യപ്പെട്ടു. 
യോഗത്തില്‍ മുഴക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട്  ടി. ബിന്ദു, പായം പഞ്ചായത്ത് പ്രസിഡന്‍ര്.പി.രജനി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇബ്രാഹിം മുണ്ടേരി, വിപിന്‍തോമസ്, തോമസ് തയ്യില്‍, കെ.പി.  ഷാജി, കെ.പി. അനില്‍കുമാര്‍, തോമസ് വര്‍ഗീസ് , പായം ബാബുരാജ് എന്നിവര്‍ സംബന്ധിച്ചു.

Tags