ചെറുപുഴയിൽ ഭീമൻ ആഫ്രിക്കൻ ഒച്ചിനെ കണ്ടെത്തി
ചെറുപുഴ:ലോകത്തെ പ്രധാനപ്പെട്ട നൂറ് ആക്രമി ജീവിവർഗ്ഗങ്ങളിൽപ്പെട്ട ഭീമൻ ആഫ്രിക്കൻ ഒച്ചിനെ കണ്ണൂർ ജില്ലയിലെ ചെറുപുഴയിലും കണ്ടെത്തി. ചെറുപുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്താണ് നിരവധി ഒച്ചകളെ കണ്ടെത്തിയത്.കാർഷിക മേഖലയ്ക്ക് ഭീഷണിയായി മാറിയ ആഫ്രിക്കൻ ഒച്ചുകൾ വളരെ വേഗത്തിൽ വ്യാപിക്കും എന്ന പ്രത്യേകത കൂടിയുണ്ട്.വലുതും ചെറുതുമായി പത്തോളം എണ്ണത്തെയാണ് കണ്ടെത്തി നശിപ്പിച്ചത്.
ദൂരസ്ഥലങ്ങളിൽ നിന്നും പഴങ്ങൾക്കൊപ്പം പച്ചക്കറികൾക്കൊപ്പം ആണ് ഇവ ചെറുപുഴയിലെത്തിയത് എന്ന് സംശയിക്കുന്നു. അസാധാരണ വലിപ്പമുള്ള ഒച്ചുകൾ പപ്പായ കപ്പ തുടങ്ങിയവയിൽ കൂട്ടത്തോടെ കയറിപ്പറ്റിയ ശേഷം ഇലകളും തണ്ടുകളും അപ്പാടെ തിന്നു നശിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇലകൾ നശിക്കുന്നതോടെ കൃഷികൾ നശിക്കാൻ തുടങ്ങും.കൃഷിയിടങ്ങളിൽ കണ്ടുവരുന്ന ഒച്ചുകളെ ഇപ്പോൾ കെട്ടിടത്തോട് ചേർന്ന് വരെ കാണാൻ സാധിക്കുന്നു.അടുത്തകാലത്തായി ചെറുപുഴ ടൗണിലെ വിവിധ പ്രദേശങ്ങളിൽ ഒച്ചിനെ കണ്ടതായും നാട്ടുകാർ പറഞ്ഞു.കർഷകർ ഒച്ചിനെതിരെ ജാഗ്രത പാലിക്കണമെന്ന് കൃഷി അസിസ്റ്റൻറ് സുരേഷ് കുറ്റൂർ പറഞ്ഞു