അഡ്വ. കെ ഇ ഗംഗാധരൻ സ്മാരക പുരസ്കാരം പാലോളിക്ക് സമ്മാനിക്കും

Adv. KE Gangadharan Memorial Award will be presented to Paloli
Adv. KE Gangadharan Memorial Award will be presented to Paloli

തലശേരി: പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ കമീഷൻ അംഗവുമായിരുന്ന അഡ്വ. കെ ഇ ഗംഗാധരൻ്റെ പേരിൽ സ്മാരക സമിതി ഏർപ്പെടുത്തിയ മൂന്നാമത് പുരസ്കാരം മുൻ മന്ത്രിയും സമുന്നത കമ്യൂണിസ്റ്റ് നേതാവുമായ പാലോളി മുഹമ്മദ് കുട്ടിക്ക്. ഏഴു പതിറ്റാണ്ടു നീണ്ട നിസ്വാർഥവും ത്യാഗനിർഭരവുമായ പൊതു പ്രവർത്തനവും കേരളത്തിൻ്റെ സാമൂഹ്യ- സാമ്പത്തിക മുന്നേറ്റത്തിനു നൽകിയ അതുല്യമായ സംഭാവനകളും മുൻനിർത്തിയാണ് 25,000 രൂപയും ഫലകവുമടങ്ങിയ പുരസ്കാരം. എം വി ജയരാജൻ, അഡ്വ. വിജയകുമാർ, കാരായി രാജൻ, കെ ഇ ഗംഗാധരൻ്റെ പത്നി ഡോ. സുധ അഴീക്കോടൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

1931 നവംബർ 11 ന് മലപ്പുറം ജില്ലയിലെ കോഡൂരിൽ ജനിച്ച പാലോളി , ചെറുപ്രായത്തിലേ കർഷകപ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പാർട്ടിയിലും സജീവമായി. സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, എൽഡിഎഫ് കൺവീനർ, കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ഒളിവിലായിരുന്നു.

Adv. KE Gangadharan Memorial Award will be presented to Paloli

1964 ൽ പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡൻ്റ്. അടുത്ത വർഷം മങ്കടയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആ സഭ ചേർന്നില്ല. 1967 ൽ പെരിന്തൽമണ്ണയിൽ നിന്നും 1996 ലും 2006 ലും പൊന്നാനിയിൽ നിന്നും നിയമസഭയിലെത്തി.1996- 2001 ൽ ഇ കെ നായനാർ മന്ത്രിസഭയിലും 2006-11 ൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിലും തദ്ദേശ സ്വയംഭരണ- ന്യൂനപക്ഷ ക്ഷേമ വകുപ്പുമന്ത്രി.

കേരളത്തിൽ ജനകീയാസൂത്രണ പദ്ധതിയിലൂടെ അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയതും രാജ്യത്തിന് മാതൃകയാകും വിധത്തിൽ സാർഥകമായി വളർത്തിയെടുത്തതും പാലോളിയുടെ നേതൃത്വത്തിലാണ്. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമാർജനവും സാമൂഹ്യമുന്നേറ്റവും ലക്ഷ്യമിട്ട് അദ്ദേഹം തദ്ദേശസ്വയംഭരണ മന്ത്രിയായിരിക്കെ തുടക്കം കുറിച്ച കുടുംബശ്രീ പ്രസ്ഥാനം ഐക്യരാഷ്ട്രസഭയടക്കം പ്രകീർത്തിക്കുന്ന, വനിതാ മുന്നേറ്റത്തിൻ്റെ മഹത്തായ മാതൃകയായി ലോകത്തിന് പ്രകാശം ചൊരിയുന്നു.

കെ ഇ ഗംഗാധരൻ്റെ ചരമദിനമായ നവംബർ 9 ന് തലശേരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് ചന്ദ്രു, വിഖ്യാത മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ് എന്നിവർക്കായിരുന്നു മുൻ വർഷങ്ങളിൽ പുരസ്കാരം.
 

Tags