കണ്ണൂർ കുണിയൻ ഉപ്പുവെള്ള പ്രതിരോധ ബണ്ട് നിർമ്മാണത്തിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി
കണ്ണൂർ : പയ്യന്നൂർ മണ്ഡലത്തിലെ കരിവെള്ളൂർ-പെരളം പഞ്ചായത്തിൽ കുണിയനിൽ ഉപ്പുവെള്ള പ്രതിരോധ ബണ്ട് നിർമ്മിക്കുന്നതിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി ഐ മധുസൂദനൻ എംഎൽഎ അറിയിച്ചു.മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർവഹണ ചുമതല. സാങ്കേതിക നടപടികൾ പൂർത്തിയാക്കി നിർമാണം എത്രയും വേഗത്തിൽ ആരംഭിക്കാൻ എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കരിവെള്ളൂർ-പെരളം പഞ്ചായത്തിന്റെ നെല്ലറയാണ് കുണിയൻ. തെക്കനംകൂർ, കുട്ടൻവഴി പാടശേഖരങ്ങളിലായി 50 ലധികം ഹെക്ടർ സ്ഥലത്ത് നെൽകൃഷി ഉണ്ടായിരുന്നു. ഉപ്പ് വെള്ളം കയറുന്നതിനാൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥ വരുന്നതായി പരാതിയുണ്ടായിരുന്നു. പ്രദേശത്തെ കിണറുകളിലടക്കം ഉപ്പ് വെള്ളം കയറാറുണ്ട്. കുണിയൻ പ്രദേശത്തെ കൃഷിക്കാരുടെ ദീർഘ കാലത്തെ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.