എ ഡിഎമ്മിൻ്റെ മരണം സ്വതന്ത്ര ഏജൻസി അന്വേഷിക്കണം : അഡ്വ. മാർട്ടിൻ ജോർജ്
കണ്ണൂർ : എ ഡി എം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്.
ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ സംശയങ്ങളുണ്ട്. കലക്ട്രേറ്റിൽ സി പി എമ്മിൻ്റെ അജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരിൽ നിന്നു മാത്രമാണ് പോലീസ് മൊഴിയെടുക്കുന്നത്. തുടക്കം തൊട്ട് പോലീസിനു മേൽ രാഷ്ട്രീയ സമ്മർദ്ദങ്ങളുണ്ട്. പ്രഥമദൃഷ്ട്യാ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കാമായിരുന്നിട്ടും അതു വെച്ചു താമസിപ്പിക്കുകയാണ് പോലീസ് ചെയ്തത്.
നവീൻബാബുവിൻ്റെ സഹോദരൻ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് അമാന്തം പുലർത്തിയിരുന്നു. പ്രവാസി വ്യവസായി സാജൻ്റെ ആത്മഹത്യയിൽ അതിനുത്തരവാദിയായ അന്നത്തെ ആന്തൂർ നഗരസഭാ ചെയർപേഴ്സണായ സി പി എം വനിതാ നേതാവിനെ രക്ഷപ്പെടുത്താൻ സാജൻ്റെ കുടുംബത്തെ അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത സൃഷ്ടിക്കുന്ന തരത്തിലേക്ക് അന്വേഷണം വഴി തിരിച്ചുവിട്ട സംഭവത്തിൻ്റെ ആവർത്തനം ഈ കേസിലും ഉണ്ടാകുമോയെന്ന സംശയം നിലനിൽക്കുന്നുണ്ട്.
മുൻകൂർ ജാമ്യത്തിനായി പി.പി.ദിവ്യ സമർപ്പിച്ച ഹരജിയിൽ ജില്ലാ കലക്ടറുമായി സംസാരിച്ച ശേഷമാണ് യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തതെന്ന് പറയുന്നുണ്ട്. കലക്ടർ വിളിച്ചതോ വിളിക്കാത്തതോ അല്ല വിഷയം. യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ പരാമർശങ്ങളാണ് ഇവിടെ വിഷയമായിട്ടുള്ളത്.
ഒരു പാട് ഗൂഢാലോചനകൾ സംഭവത്തിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്. എ ഡി എം മരിക്കുന്നതിനു മുമ്പുള്ള അദ്ദേഹത്തിൻ്റെ കോൾ വിവരങ്ങളും അദ്ദേഹത്തിനു ലഭിച്ച സന്ദേശങ്ങളും വിശദമായി പരിശോധിക്കണമെന്നും ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു.